ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ഏഴ് മണിക്കൂറിന് ശേഷം ഡല്‍ഹിയില്‍ തിരിച്ചിറക്കി

 



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏഴ് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. ഇന്ന് രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ350 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തില്‍ അമിതമായ ശബ്ദം, വിറയല്‍ എന്നിവ അനുഭവപ്പെടുകയായിരുന്നു.

വിമാനം യാത്ര തുടങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. അപ്പോള്‍ ഒമാന്റെ വ്യോമമേഖലയിലായിരുന്നു വിമാനം. തുടര്‍ന്ന് വിമാനത്തിന് തിരിച്ചുപറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഏഴ് മണിക്കൂറിന് ശേഷമാണ് വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ തിരിച്ചിറക്കിയത്. പുതിയ വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ എയര്‍ ഇന്ത്യ എയര്‍ബസുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംഭവം ഡിജിസിഎ അന്വേഷിക്കും.

മാര്‍ച്ച് 16ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിനും സമാനമായ പ്രശ്‌നമുണ്ടായിരുന്നു. വിമാനത്തിലെ 32, 33 നിരയിലെ യാത്രക്കാര്‍ക്കാണ് പ്ലാറ്റ്‌ഫോമില്‍ നിന്ന് വലിയ വിറയല്‍ അനുഭവപ്പെട്ടത്. ഒപ്പം ശബ്ദവുമുണ്ടായി. ഇവര്‍ ജീവനക്കാരെ അറിയിക്കുകയായിരുന്നു. വിമാനം അയര്‍ലന്‍ഡ് തീരത്തിന് മുകളിലായിരുന്നു ഈ സമയം. തുടര്‍ന്ന് വിമാനം അയര്‍ലന്‍ഡിലെ ഷാനോണില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. എയര്‍ബസ് അധികൃതരുടെ പരിശോധനക്ക് ശേഷം മാര്‍ച്ച് 19നാണ് വിമാനം ഡല്‍ഹിക്ക് പറന്നത്.

Post a Comment

0 Comments