കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് വോട്ടര്‍മാരുടെ സജീവ പങ്കാളിത്തത്തോടെ തുടക്കം. ആദ്യ ഘട്ടത്തിലെ റെക്കോര്‍ഡ് പോളിങ് രണ്ടാം ഘട്ടത്തിലും ആവര്‍ത്തിച്ചേക്കാവുന്ന തരത്തിലാണ് ബൂത്തുകളിലെ തിരക്ക്. ബുധനാഴ്ച രാവിലെ തന്നെ ബൂത്തുകളിൽ വോട്ടര്‍മാര്‍ കൂട്ടമായി എത്തിച്ചേര്‍ന്നു.
ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ രാവിലെ 9 മണിവരെയുള്ള ആദ്യ രണ്ട് മണിക്കൂറിൽ ഏകദേശം 18.39% പേര്‍ വോട്ട് രേഖപ്പെടുത്തി. പുർബ ബർധമാൻ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
3.21 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതുന്നത്. ഒന്നാം ഘട്ടത്തിൽ 93.19% എന്ന റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയിരുന്നു.
പോളിംഗ് ശതമാനം
ആദ്യത്തെ രണ്ട് മണിക്കൂറിലെ ജില്ല തിരിച്ചുള്ള കണക്ക്- പുർബബർധമാൻ 20.86% ഹൂഗ്ലി 20.16% നാദിയ 18.50% നോർത്ത് 24 പർഗാനാസ് 17.81% ഉത്തര കൊൽക്കത്ത 17.28% സൗത്ത് 24 പർഗാനാസ് 17.25% കൊൽക്കത്ത ദക്ഷിണ മേഖല 16.81%.
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ വിധി നിർണ്ണയിക്കുന്ന നിർണ്ണായകമായ രണ്ടാം ഘട്ടത്തിൽ 142 മണ്ഡലങ്ങളാണ് ജനവിധി നിശ്ചയിക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജി, ബിജെപി നേതാവ് സുവേന്ദു അധികാരി എന്നിവർ നേർക്കുനേർ പോരാടുന്ന ഭവാനിപൂർ ഉൾപ്പെടെ വാശിയേറിയ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങൾ ഈ ഘട്ടത്തിലാണ്. ഇടതുമുന്നണി, തൃണമൂൽ കോൺഗ്രസ്, ബിജെപി കക്ഷികൾ തമ്മിലാണ് മത്സരം. യുവ തലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകിയും പ്രവര്‍ത്തകരിൽ കൂടുതൽ ആവേശം നിറച്ചും ഇടതുമുന്നണി കനത്ത മത്സരമാണ് കാഴ്ചവെക്കുന്നത്. കോൺഗ്രസിന് എല്ലാം മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികൾ ഉണ്ടെങ്കിലും മത്സരം കാഴ്ചവെക്കാനായത് ചിലയിടങ്ങളിൽ മാത്രമായി.
വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകൾ
നോർത്ത് 24 പർഗാനാസ് (33 സീറ്റുകൾ)
സൗത്ത് 24 പർഗാനാസ് (31 സീറ്റുകൾ)
ഹൂഗ്ലി (18 സീറ്റുകൾ)
നാദിയ (17 സീറ്റുകൾ)
ഹൗറ (16 സീറ്റുകൾ)
പുർബ ബർധമാൻ (16 സീറ്റുകൾ)
കൊൽക്കത്ത (11 സീറ്റുകൾ)
സംസ്ഥാനത്തുടനീളം 4,388 ബൂത്തുകൾ അതീവ ജാഗ്രത വേണ്ടവയായി അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ 93.19% എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബംഗാൾ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. തൃണമൂലിന്റെ ഉരുക്കുകോട്ടയായ ദക്ഷിണ ബംഗാളിൽ വിള്ളൽ വീഴ്ത്താൻ ബിജെപി ശ്രമിക്കുമ്പോൾ, ഭരണം നിലനിർത്താനുള്ള പോരാട്ടത്തിലാണ് മമത ബാനർജി. കടുത്ത വെല്ലുവിളിയ ഉയര്‍ത്തി ഇടതുപക്ഷവും ജനപക്ഷത്ത് മുന്നേറുന്നു.

0 Comments