മരിച്ച സഹോദരിയുടെ അക്കൗണ്ടില്‍ 19,300 രൂപ; മൃതദേഹം പുറത്തെടുത്ത് ചുമന്ന് ബാങ്കിലെത്തി വയോധികന്‍

 

ഭുവനേശ്വര്‍: മരിച്ച സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണം ലഭിക്കാനായി മൃതദേഹാവശിഷ്ടവുമായി ബാങ്കിലെത്തി വയോധികന്‍. ഒഡിഷയിലെ കിയോഞ്ചര്‍ ജില്ലയിലാണ് സംഭവം. സഹോദരിയുടെ മൃതദേഹാവശിഷ്ടവും ചുമന്ന് പൊരിവെയിലെത്ത് മൂന്ന് കിലോമീറ്ററിലേറെ നടന്നാണ് ആദിവാസി വിഭാഗക്കാരനായ ജിട്ടു മുണ്ട എന്ന വയോധികന്‍ ബാങ്കിലെത്തിയത്.

ജിട്ടു മുണ്ടയുടെ സഹോദരി കക്ര മുണ്ട രണ്ട് മാസം മുന്‍പാണ് മരിച്ചത്. ഒഡിഷ ഗ്രാമീണ്‍ ബാങ്കിലെ ഇവരുടെ അക്കൗണ്ടില്‍ 19,300 രൂപയുണ്ടായിരുന്നു. കക്രയുടെ ഭര്‍ത്താവും ഏക മകനും നേരത്തെ മരിച്ചതാണ്. ജിട്ടു മാത്രമാണ് ബന്ധുവായി അവശേഷിച്ചത്.

ജിട്ടു പാസ് ബുക്കുമായി ബാങ്കിലെത്തി കാര്യം പറഞ്ഞെങ്കിലും പണം പിന്‍വലിക്കാന്‍ മാനേജര്‍ അനുവദിച്ചില്ല. അക്കൗണ്ട് ഉടമ നേരിട്ടെത്തുകയോ അല്ലെങ്കില്‍ പിന്തുടര്‍ച്ചാവകാശിയാണെന്ന രേഖ ഹാജരാക്കുകയോ വേണമെന്നായിരുന്നു മാനേജര്‍ പറഞ്ഞത്. സഹോദരിയുടെ മരണ സര്‍ട്ടിഫിക്കറ്റോ പിന്തുടര്‍ച്ചാ സര്‍ട്ടിഫിക്കറ്റോ ഒന്നും ജിട്ടുവിന്റെ കയ്യിലുണ്ടായിരുന്നില്ല. അതിനായി എന്താണ് ചെയ്യേണ്ടത് എന്നും അറിയാമായിരുന്നില്ല.

തിങ്കളാഴ്ച ജിട്ടു സഹോദരിയെ അടക്കംചെയ്ത സെമിത്തേരിയിലെത്തി കുഴിമാടം കുഴിച്ച് മൃതദേഹാവശിഷ്ടം പുറത്തെടുക്കുകയായിരുന്നു. അസ്ഥികൂടം ഒരു തുണിയില്‍ പൊതിഞ്ഞ് മൂന്ന് കിലോമീറ്റര്‍ നടന്ന് ബാങ്കിലെത്തി. ഇതോടെ ബാങ്ക് ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നവരും സ്തബ്ധരായി. ചിലര്‍ ജിട്ടുവിനെ കുറ്റപ്പെടുത്തിയപ്പോള്‍, ബാങ്കിന്റെ കടുംപിടുത്തമാണ് ഇതിന് കാരണമായതെന്ന് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി. വയോധികന് അവകാശപ്പെട്ട പണം നല്‍കാന്‍ ഇത്രയും കടുംപിടുത്തം വേണമായിരുന്നോ എന്ന് ചിലര്‍ ചോദിച്ചു. ഗ്രാമമുഖ്യനുമായി ബന്ധപ്പെട്ടോ, സ്ഥലം സന്ദര്‍ശിച്ചോ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അക്കൗണ്ട് ഉടമയുടെ മരണം സ്ഥിരീകരിക്കാമായിരുന്നു എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തി. ബാങ്കില്‍ നിന്ന് പണം ലഭിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയ പൊലീസ് സംഭവത്തില്‍ മനുഷ്യത്വപരമായി ഇടപെടുമെന്നും വ്യക്തമാക്കി.

Post a Comment

0 Comments