നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് (ഏപ്രിൽ 2) അവസാനിക്കേണ്ടതായിരുന്നു. എന്നാൽ സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതിന് പകരം, 15 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചേരാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പുതിയ സെൻസസിന് കാത്തുനിൽക്കാതെ 2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ തന്നെ മണ്ഡല പുനർക്രമീകരണം (ഡിലിമിറ്റേഷൻ) നടത്തി വനിതാ സംവരണം വേഗത്തിൽ നടപ്പിലാക്കാനുള്ള വ്യവസ്ഥകളാകും സഭ പ്രധാനമായും ചർച്ച ചെയ്യുക.
ഈ ഭേദഗതികൾ സഭയിൽ പാസാക്കാൻ സാധിച്ചാൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തന്നെ വനിതാ സംവരണം പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കും. ബിൽ സുഗമമായി പാസാക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ ഉൾപ്പെടെ സഹകരണം സർക്കാർ തേടിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് സർക്കാർ ഈ ഭേദഗതികൾ തിരക്കിട്ട് കൊണ്ടുവരുന്നതെന്നും, വിഷയത്തിൽ അനാവശ്യമായ രഹസ്യാത്മകതയാണ് സർക്കാർ പുലർത്തുന്നതെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.
0 Comments