പേടിഎം പേയ്‌മെന്റ്സ് ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കി; ഇടപാടുകൾ ഉടൻ നിർത്തണം

 



ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ പേടിഎമ്മിന്റെ ബാങ്കിംഗ് വിഭാഗമായ പേടിഎം പേയ്‌മെന്റ്സ് ബാങ്കിന് കനത്ത തിരിച്ചടി. ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയതായും ബാങ്കിംഗ് പ്രവർത്തനങ്ങൾ ഉടനടി നിർത്തണമെന്നും റിസർവ് ബാങ്ക് ഉത്തരവിട്ടു. ബാങ്കിന്റെ പ്രവർത്തനരീതി നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ബാങ്കിന്റെ മാനേജ്‌മെന്റ് രീതികളും പ്രവർത്തനങ്ങളും പൊതുതാൽപ്പര്യത്തിനും നിക്ഷേപകർക്കും ദോഷകരമാണെന്ന് ആർബിഐ നിലപാട്. നിബന്ധനകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായും ആ‍ർബിഐ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ ഗവേണൻസ്, കംപ്ലയൻസ് എന്നിവയിൽ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും മാറ്റങ്ങളുണ്ടാകാത്തതാണ് ലൈസൻസ് റദ്ദാക്കിയത്. ബാങ്കിന്റെ പക്കൽ നിക്ഷേപകർക്ക് നൽകാനുള്ള തുക ലഭ്യമാണെന്ന് ആർബിഐ അറിയിച്ചു.

പേടിഎം പേയ്‌മെന്റ്സ് ബാങ്കിനെതിരെ 2022 മുതൽ തന്നെ ആർബിഐ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2024-ൽ ഈ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. ഒടുവിലാണ് ലൈസൻസ് റദ്ദാക്കിയത്.

നിലവിൽ ബാങ്കിൽ പണമുള്ളവർക്ക് അത് തിരികെ ലഭിക്കുമെന്ന് ആർബിഐ ഉറപ്പുനൽകുന്നുണ്ടെങ്കിലും, പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള പുതിയ ബാങ്കിംഗ് സേവനങ്ങൾ ഇതോടെ പൂർണ്ണമായും നിലയ്ക്കും. പേടിഎം വാലറ്റുകളെയും മറ്റ് സേവനങ്ങളെയും ഇത് എത്തരത്തിൽ ബാധിക്കുമെന്ന് കമ്പനി വരും ദിവസങ്ങളിൽ വ്യക്തമാക്കും.

Post a Comment

0 Comments