ഇരട്ട പൗരത്വ വിവാദം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹരജിയിൽ കേസെടുക്കാൻ നിർദേശം. കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ എസ്. വിഘ്‌നേഷ് ശിശിർ നൽകിയ ഹരജിയിലാണ് അലഹബാദ് ഹൈക്കോടതി നിർദേശം.

പൗരത്വത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ എല്ലാ രേഖകളും ഫയലുകളും ഹാജരാക്കാൻ അലഹബാദ് ഹൈക്കോടതി ലക്നൗ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു.

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നുമാണ് ഹരജിക്കാരൻ്റെ അവകാശവാദം. ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും ലോക്‌സഭാംഗം സ്ഥാനം വഹിക്കാൻ കഴിയില്ലെന്നും ഹരജിക്കാരൻ അവകാശപ്പെട്ടിരുന്നു.

രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഘ്‌നേഷ് ശിശിർ ലക്നൗ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ‌ സങ്കീർണമായ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 28ന് വിചാരണ കോടതി ഈ ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

Post a Comment

0 Comments