വോട്ടിങ് യന്ത്രത്തിൽ പേര് മാറ്റാനാവില്ല; അഞ്ജലി നായരുടെ അപേക്ഷ തള്ളി

തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ തന്റെ പേര് വോട്ടിങ് യന്ത്രത്തിലും ബാലറ്റിലും മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ വരണാധികാരി തള്ളി. സിനിമയിലും പ്രചാരണ പോസ്റ്ററുകളിലും വോട്ടർമാർക്ക് സുപരിചിതമായ ‘അഞ്ജലി നായർ’ എന്ന പേര് ബാലറ്റിൽ ഉൾപ്പെടുത്തണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ, നിലവിൽ രേഖപ്പെടുത്തിയിട്ടുള്ള ‘പി.വി. അഞ്ജലി’ എന്ന പേര് തന്നെ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

ഔദ്യോഗിക രേഖകളിലെ പേരായ ‘അഞ്ജലി പി.വി.’ എന്നത് വോട്ടർമാർക്കിടയിൽ അത്ര പരിചിതമല്ലെന്നും ഇത് വോട്ട് കുറയാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് അഞ്ജലി നായർ അധികൃതരെ സമീപിച്ചത്. ഈ വിഷയത്തിൽ അവർ നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സ്ഥാനാർത്ഥിയുടെ ഭാഗം കേട്ട ശേഷം ഉചിതമായ തീരുമാനമെടുക്കാൻ കോടതി വരണാധികാരിയോട് നിർദേശിച്ചതിനെത്തുടർന്നാണ് ഇന്ന് വിശദമായ പരിശോധന നടന്നത്.

നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്ത് പേര് മാറ്റം ആവശ്യപ്പെടാത്തതും നിലവിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതും അപേക്ഷ തള്ളാൻ കാരണമായി വരണാധികാരി ചൂണ്ടിക്കാട്ടി. ഹോം വോട്ടിങ് ഉൾപ്പെടെയുള്ള പ്രക്രിയകൾ ആരംഭിച്ചുകഴിഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ ക്രമീകരണങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ഇനി മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്നാണ് ഇലക്ഷൻ കമ്മീഷന്റെ നിലപാട്.

Post a Comment

0 Comments