കൊച്ചി: ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് ബി.ഉണ്ണികൃഷ്ണൻ തുടരും. രാജി ജനറൽ കൗൺസിൽ അംഗീകരിച്ചില്ല. പുതിയ നേതൃത്വം വരട്ടെയെന്നാണ് തന്റെ നിലപാടെന്നും 18 വർഷമായി അധികാരം ഒരാളിലേക്ക് കേന്ദ്രികരിക്കുന്നത് നല്ലതല്ലെന്നും പറഞ്ഞാണ് ബി ഉണ്ണികൃഷ്ണൻ രാജി നൽകിയത്. എന്നാൽ, ജനറൽ കൗൺസിൽ രാജി തള്ളിക്കളയുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ജനറൽ കൗൺസിൽ യോഗം ചേർന്നത്. യോഗം പ്രസിഡന്റും ജനറൽ സെക്രട്ടറിയും മാറേണ്ടതില്ലെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു. പ്രസിഡന്റായി സിബി മലയിലും ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനും തുടരും.
ചലച്ചിത്ര മേഖലയിൽ പല പ്രധാനപ്പെട്ട തീരുമാനങ്ങളും അദ്ദേഹം ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എത്തിയതിന് ശേഷം നടപ്പാക്കിയിരുന്നു. 18 വർഷം ഒരു സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത് ശരിയല്ല, പുതിയ നേതൃത്വത്തിന് നയിക്കാൻ പാകത്തിൽ സംഘടന വളർന്നിട്ടുണ്ടെന്നുമാണ് തന്റെ നിലപാട്. എന്നാൽ, ജനറൽ കൗൺസിൽ അത് അംഗീകരിച്ചില്ലെന്നും ബി.ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
സുമതി വളവ് സിനിമയുമായി ബന്ധപ്പെട്ട് വളരെ മോശം ചർച്ചയാണ് നടക്കുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ഒരു നടൻ എഡിറ്റിംഗിൽ ഇടപെടുന്നു എന്ന പരാതിയുണ്ട്. ഒരു നടൻ സംവിധാനം ചെയ്തു എന്നൊക്കെ പറയുന്നത് മോശമാണ്. സിനിമ പുറത്തിറക്കുക എന്നത് സംവിധായകന്റെയും അണിയറ പ്രവർത്തകരുടെയും ജോലിയാണ്. ഒരു നടനും ഗോസ്റ്റ് ഡയറക്റ്റ് ചെയ്യാൻ വരേണ്ടതില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

0 Comments