കേന്ദ്രത്തിന് തിരിച്ചടി; ലോക്‌സഭ കടക്കാതെ വനിത സംവരണ ഭേദഗതി ബില്‍




 ന്യൂഡല്‍ഹി: രാജ്യത്ത് മണ്ഡല പുനര്‍നിര്‍ണയം നടത്തി ലോക്‌സഭ സീറ്റുകള്‍ വര്‍ധിപ്പിച്ച് വനിതാ സംവരണം നടത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഗൂഢ നീക്കത്തിന് ലോക്‌സഭയില്‍ തിരിച്ചടി. ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയിലെ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ബില്‍ പാസാകാത്തതിനാല്‍ രാജ്യസഭയിലേക്ക് പോകില്ല.

ഭരണഘടനാ ഭേദഗതി ഉള്‍പ്പെടുന്നതിനാല്‍ ബില്ലുകള്‍ പാസാകാന്‍ ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. 528 പേരാണ് വോട്ട് ചെയ്തത്. എന്നാല്‍, 298 പേര്‍ മാത്രമാണ് അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു. ബില്‍ പാസാകാന്‍ 352 പേര്‍ അനുകൂലിക്കണമായിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവാണുണ്ടായത്.

2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ രാജ്യമൊട്ടാകെ മണ്ഡല പുനര്‍നിര്‍ണയം നടത്തി 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ച് ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കാനുള്ള മൂന്ന് ബില്ലുകളാണ് കേന്ദ്രം കൊണ്ടുവന്നത്. എന്നാല്‍, ജനസംഖ്യാനുപാതത്തില്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തുന്നതിനെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുകയായിരുന്നു. ജനസംഖ്യാനുപാതികമായല്ല, ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള മണ്ഡലങ്ങളുടെ എണ്ണമാണ് പരിഗണിക്കേണ്ടതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. നിലവിലെ 543 സീറ്റില്‍ എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തി.

ഭരണഘടനാ ഭേദഗതി ബില്‍ പാസാകാത്തതോടെ മണ്ഡല പുനര്‍നിര്‍ണയ ബില്‍, കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില്‍ എന്നിവ കേന്ദ്രം പിന്‍വലിച്ചു. ചരിത്ര നിമിഷത്തെ പ്രതിപക്ഷം ഇല്ലാതാക്കിയെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി. വോട്ടെടുപ്പിന് പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ വീണ്ടും ചേരും. സ്ത്രീസംവരണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും റിജിജു പറഞ്ഞു

Post a Comment

0 Comments