ഇറാനുമായുള്ള സമാധാന ചര്‍ച്ച: ഇസ്‌ലാമാബാദിലേക്കുള്ള യുഎസ് സംഘത്തിന്റെ യാത്ര റദ്ദാക്കിയെന്ന് ട്രംപ്‌



വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി നിശ്ചയിച്ചിരുന്ന തന്റെ പ്രത്യേക പ്രതിനിധികളുടെ പാകിസ്താന്‍ യാത്ര റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ തീരുമാനം അറിയിച്ചത്.

വെറുതെയിരുന്ന് സമയം കളയാനായി തന്റെ പ്രതിനിധികൾ 18 മണിക്കൂർ വിമാനയാത്ര ചെയ്യേണ്ടതില്ലെന്ന് ട്രംപ് പറഞ്ഞു. "എല്ലാ കാര്‍ഡുകളും ഞങ്ങളുടെ കൈവശമാണ്. അവർക്ക് (ഇറാന്) എപ്പോൾ വേണമെങ്കിലും ഞങ്ങളെ വിളിക്കാം. ഫോണിലൂടെയും ചർച്ചകൾ നടത്താവുന്നതാണ്"- ട്രംപ് വ്യക്തമാക്കി. യുദ്ധം പുനരാരംഭിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ മരുമകൻ ജറാഡ് കുഷ്നർ, സമാധാന ദൗത്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇസ്‌ലാമാബാദിലേക്ക് തിരിക്കാനിരുന്നത്. ഇതോടെ ഇറാനും യുഎസും തമ്മിലുള്ള സമാധാന ചർച്ച വീണ്ടും അനിശ്ചിതത്വത്തിലായി.

ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താന്‍ അധികൃതരുമായി ചർച്ച നടത്തി ഇസ്‌ലാമാബാദിൽ നിന്ന് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം വന്നത്. ഒമാനിലേക്കാണ് ഇറാന്‍ സംഘം മടങ്ങിയത്. പ്രധാന വിഷയങ്ങളിൽ ഇപ്പോഴും ഭിന്നതക്ക് പരിഹാരമായില്ലെന്നാണ് റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുമായി പാകിസ്താനാണ് മധ്യസ്ഥത വഹിച്ചുവരുന്നത്. അതേസമയം മേഖലയിൽ സമാധാനം ഉറപ്പാക്കാനായി ചർച്ചയ്ക്ക് ശ്രമം തുടരുമെന്ന് പാകിസ്താന്‍ വ്യകതമാക്കി.

നിലവിലെ ചർച്ചകളിൽ ഇറാന്റെ നിലപാടിലുള്ള അതൃപ്തിയാണ് യാത്ര റദ്ദാക്കാൻ കാരണമായതെന്ന് സൂചനയുണ്ട്. ഇറാന് മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സവും ലോകത്ത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം നാവിക ഉപരോധം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കി. ഏത് സാഹചര്യം നേരിടാനും സേന സുസജ്ജമാണെന്നും ശത്രുവിന് കനത്ത നാശം വരുത്താനുള്ള ശേഷി സൈന്യത്തിനുണ്ടെന്നും ഇറാന്‍ വ്യക്തമാക്കി.

Post a Comment

0 Comments