പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ അതിശക്തമായ ചൂട് താങ്ങാനാവാതെ പശുക്കള്‍ ചാകുന്നതായി പരാതി. ശശിമല, പാടിച്ചിറ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം 4 പശുക്കള്‍ ചത്തു. തീറ്റയും വെള്ളവുമെടുക്കാതെ അഞ്ചോളം പശുക്കള്‍ അവശനിലയിലാണ്. ചെറിയമ്പനാട്ട് അപ്പച്ചന്‍, പള്ളിക്കമലില്‍ തടത്തില്‍ രവി എന്നിരുടെ പശുക്കളാണ് ചത്തത്. തടത്തില്‍ രവി, വലിയ വട്ടം രാജു എന്നിവരുടെ കറവ പശുക്കള്‍ തൊഴുത്തില്‍ അവശനിലയിലാണ്. പകല്‍ ചൂടിനെ തുടര്‍ന്ന് പശുക്കള്‍ കുഴഞ്ഞ് വീഴുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
അടിയ്ക്കടി ശ്വാസം വലിക്കുന്നതും ക്ഷീണം നേരിടുന്നതുമാണ് പ്രശ്‌നം. ചെറിയമ്പനാട്ട് അപ്പച്ചന്റെ ഫാമില്‍ ഫാനുകളും ഷവറുകളും സ്ഥാപിച്ചിട്ടും പശുക്കള്‍ ചാവുകയാണെന്ന് അപ്പച്ചന്‍ പറഞ്ഞു.ശരീരത്തിലെ ജലാംശം വാര്‍ന്ന് പോകുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മുന്തിയ ഇനത്തില്‍പ്പെട്ട പശുക്കളാണ് ചുടിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാതെ തളര്‍ന്ന് വീഴുന്നത്. വായ്പയെടുത്തും മറ്റും പശുക്കളെ വാങ്ങിയ കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കന്നുകാലി സംരക്ഷണത്തില്‍ കര്‍ഷകര്‍ കുടുതല്‍ ജാഗ്രത പാലിക്കണമെന്ന് പാടിച്ചിറ വെറ്റിനറി ആശുപത്രി സര്‍ജന്‍ ഡോ.ലക്ഷ്മി അരവിന്ദ് പറഞ്ഞു. പകല്‍ സമയത്ത് ധാരളം ശുദ്ധജലം നല്‍കുകയും ദ്രവരൂപത്തിലുള്ള ഭക്ഷണം ഉറപ്പാക്കുകയും വേണമെന്നും പകല്‍ സമയത്ത് തൊഴുത്തിന് പുറത്ത് കന്നുകാലികളെ ഇറക്കി കെട്ടരുതെന്നും രോഗലക്ഷണങ്ങളോ അവശതകളോ കണ്ടാല്‍ സ്വയം ചികിത്സിക്കാതെ മൃഗശുപത്രിയെ അറിയിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.

0 Comments