തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പനയങ്കോട് സ്വദേശിയായ രാഹുൽ (18) ആണ് പിടിയിലായത്. പഴയ ബൈക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
എള്ളുവിള സ്വദേശി രാഹുൽ (24) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപം വെച്ചാണ് സംഭവം നടന്നത്. രാഹുലും പ്രതിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ കൈവശമിരുന്ന താക്കോൽ കൊണ്ട് പ്രതി രാഹുലിന്റെ വാരിയെല്ലിന് താഴെ കുത്തിയിറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

0 Comments