ഉത്തര്‍പ്രദേശിലെ നോയിഡ തൊഴിലാളി പ്രക്ഷോഭത്തില്‍ പരുക്കേറ്റവരെ കാണാന്‍ പോയ സിപിഐഎം പ്രതിനിധി സംഘം ഗൗതം ബുദ്ധനഗര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. സിപിഐഎം പ്രതിനിധി സംഘത്തോടൊപ്പം എത്തിയ സിഐടിയു ഡല്‍ഹി ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചാണ് പ്രതിഷേധം. സിപിഐഎം നേതാക്കളുടെ പ്രതിഷേധത്തില്‍ ഒടുവില്‍ സിഐടിയു പ്രവര്‍ത്തകരെ വിട്ടയച്ചു.
ജില്ലാ മജിസ്‌ട്രേറ്റ് ഇതുവരെ സിപിഐഎം പ്രതിനിധി സംഘത്തെ കാണാന്‍ തയ്യാറായിട്ടുമില്ല. നേരത്തെ, നോയിഡയിലെ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഐഎം സംഘത്തെ ഉത്തര്‍ പ്രദേശ് പൊലീസ് തടഞ്ഞിരുന്നു. നോയിഡ ഗൗതം ബുദ്ധ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റിനെ കാണാനുള്ള യാത്രയില്‍ ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വെച്ചാണ് പൊലീസ് സംഘത്തെ തടഞ്ഞത്.
സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി രാജ്യസഭാ എംപിമാരായ വി ശിവദാസന്‍, എ എ റഹീം എന്നിവര്‍ ഉള്‍പ്പെടെയാണ് സംഘത്തിലുണ്ടായിരുന്നത്. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ സംഘത്തെ പൊലീസ് സന്നാഹത്തിനൊപ്പം കടത്തിവിടുകയായിരുന്നു. ഏറെനേരം ഗൗതം ബുദ്ധനഗര്‍ പൊലീസ് ക്യാമ്പില്‍ എത്തിച്ച് സമയം വൈകിപ്പിച്ചു എന്നും സിപിഐഎം പ്രതിനിധി സംഘം ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതിന് ശേഷം ആണ് സംഘത്തെ ജില്ലാ മജിസ്‌ട്രേറ്റിന്റെ കാര്യാലയത്തിലേക്ക് കൊണ്ടുപോയത്.

0 Comments