നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍


ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍. തലശേരി സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ഡോക്ടര്‍ എം കെ റാം, ഡോക്ടര്‍ കെ ടി സംഗീത നമ്പ്യാര്‍ എന്നിവരാണ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

സംഭവദിവസം, ഉച്ചയ്ക്ക് ഒരു മണി മുതല്‍ 1.10 വരെ പ്രിന്‍സിപ്പലിന്റെ ക്യാബിനില്‍ നിതിന്‍ ഉണ്ടായിരുന്നുവെന്ന് ഡോ. റാമിന്റെ അഭിഭാഷകന്‍ വാദിച്ചു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് സംസാരം ഉണ്ടായി. ഈ സമയം റാം പ്രിന്‍സിപ്പല്‍ ക്യാബിനില്‍ ഉണ്ടായിരുന്നില്ല. അവസാന നിമിഷം നിതിനുമായി ഒരു സംസാരവും ഉണ്ടായിരുന്നില്ല. ഒരു മാസം മുന്നേ അധിക്ഷേപിച്ചു എന്നാണ് റാമിനെതിരായ ആരോപണം. പ്രിന്‍സിപ്പല്‍ കൃത്യമായ കാര്യങ്ങള്‍ രക്ഷിതാക്കളെ ബോധിപ്പിച്ചില്ല. അങ്ങനെയെങ്കില്‍ രക്ഷിതാക്കള്‍ ഇത്തരത്തില്‍ പരാതി നല്‍കില്ലായിരുന്നു. ജാതി അധിക്ഷേപം ഇല്ലെന്ന് മറ്റ് കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് പോയ ശേഷമാണ് നിതിന്‍ ആത്മഹത്യ ചെയ്തത് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട് – ഡോ. റാമിന്റെ അഭിഭാഷകര്‍ വാദിച്ചു.

എന്നാല്‍, റാമുമായി പ്രശ്‌നങ്ങള്‍ ഉണ്ടായ കാര്യം പ്രിന്‍സിപ്പിലിന് മുന്നില്‍ നിതിന്‍ പറഞ്ഞിട്ടുണ്ടെന്നും നിതിന്‍ സിമ്പതിക്ക് വേണ്ടി ചാടിയതാണെന്ന് റാം പറഞ്ഞതായി സഹപാഠിയുടെ മൊഴിയുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ലതയെക്കൊണ്ട് പരാതി കൊടുപ്പിച്ചത് റാമെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

Post a Comment

0 Comments