നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ കാണാതായ അമ്മയുടയും മകന്‍റെയും മൃതദേഹം വീടിന് സമീപം കഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് നാടിനെയാകെ ഞെട്ടിച്ചിരുന്നു. പച്ചടി പൊന്നുട്ടയിൽ മാത്യുവിന്‍റെ ഭാര്യ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങളാണ് പൊലീസ് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. ഇളയ മകൻ സജി ഒളിവിലാണ്.
അതിനിടെ കേസിൽ ദുരൂഹതയുണര്‍ത്തുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ഇവരുടെ വീട്ടിലെ ഗൃഹനാഥൻ മാത്യുവിനെ(69) കഴിഞ്ഞ എട്ട് വര്‍ഷമായി കാണാനില്ല. 2018 മെയ് 9നാണ് ഇദ്ദേഹത്തെ കാണാതാകുന്നത്. എന്നാൽ ഇത് സംബന്ധിച്ച് കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല. ഇപ്പോൾ ഭാര്യയുടെയും മകന്‍റെയും കൊലപാതക വാര്‍ത്തകൾ പുറത്തുവന്നതോടെ മാത്യുവിന്‍റെ തിരോധാനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്.
അതേസമയം മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സജിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കൽ കോളജിൽ വച്ചാണ് പോസ്റ്റ്മോർട്ടം. ഫോറൻസിക് റിപ്പോർട്ടും ഇന്ന് പുറത്തു വരും.
കാണാതായ മേരിക്കുട്ടിയുടെയും റെജിയുടെയും ശരീരങ്ങൾ ആണോ ഇവയെന്ന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിക്കാൻ ആകുമെന്ന് പൊലീസ് പറഞ്ഞു. സജി അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി രക്ഷപ്പെട്ടതാണെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

0 Comments