'രമേശ്ജിയെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള വ്യാമോഹം വിലപ്പോകില്ല'; സതീശനെതിരെ കൈ വിട്ട് പോര്, ഡിസിസി ഓഫീസിന് മുൻപിൽ ഫ്ലക്സ് ബോർഡ്




 എറണാകുളം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കോൺഗ്രസിൽ ചരടുവലി. എറണാകുളം ഡിസിസി ഓഫീസിന് മുൻപിൽ സതീശനെതിരെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലിയുടെ പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

വി.ഡി സതീശന്‍റെ പി.ആർ പണി അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തലയെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്‍റെ വ്യാമോഹം നടക്കില്ലെന്നും ഫ്ലക്സിൽ പറയുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവ ചർച്ചയായ പിആർ ഏജൻസി വിവാദങ്ങൾക്കിടയിലാണ് സ്വന്തം ജില്ലയിലെ പാർട്ടി ഓഫീസിന് മുൻപിൽ തന്നെ പ്രതിപക്ഷ നേതാവിനെതിരെ ഇത്തരമൊരു ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളും ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റവുമാണ് ഇതിന് പിന്നിലെന്നാണ് സൂചന. സംഭവം വിവാദമായതോടെ ഫ്ലക്സ് നീക്കം ചെയ്യാനുള്ള നീക്കത്തിലാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം. ആരാണ് ഈ ബോർഡിന് പിന്നിലെന്ന് കണ്ടെത്താൻ പാർട്ടി തലത്തിൽ അന്വേഷണം നടന്നേക്കും.


അതേസമയം, മലപ്പുറത്ത് സതീശനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. കേരളത്തിന്റ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ലക്‌സില്‍ എഴുതിയിട്ടുള്ളത്. തവനൂര്‍ മണ്ഡലത്തിലെ തൃപങ്ങോട് പെരുന്തലൂര്‍ ഭാഗത്താണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ, തവനൂര്‍ പാറപ്പുറത്തും ഫ്‌ലക്‌സ് സ്ഥാപിച്ചിരുന്നു. ഫ്‌ലക്‌സിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരാതി ഉന്നയിച്ചിട്ടുണ്ട്.

Post a Comment

0 Comments