നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പിടിയിൽ

 



ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന സംശയിക്കുന്ന ഇളയമകന്‍ സജി പിടിയില്‍. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് സജിയെ പിടികൂടിയത്. സജിക്കായി പൊലീസ് നായയെയും ഡ്രോണുകളും ഉപയോഗിച്ചുള്ള വ്യാപകമായ തെരച്ചിലാരംഭിച്ചിരുന്നു. പ്രതി സ്വയം കീഴടങ്ങുകയായിരുന്നെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. തനിക്ക് തെറ്റുപറ്റിപ്പോയെന്നും കീഴടങ്ങുകയാണെന്നും നാട്ടുകാരോട് സമ്മതിച്ചതായാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു.

നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുവളപ്പില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് നടത്തിയ സംഭവത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പച്ചടി പൊന്നുട്ടയില്‍ മറിയക്കുട്ടി(70),മകന്‍ റെജി(48) എന്നിവരെ ഈ മാസം ആദ്യംമുതല്‍ കാണാതായിരുന്നു. മേരിക്കുട്ടിയുടെയും റെജിയുടേയുമാണ് കണ്ടെത്തിയ മൃതദേഹങ്ങളെന്നായിരുന്നു പൊലീസിന്റെ നിഗമനം.

മേരിക്കുട്ടിയുടെ വീട്ടുവളപ്പില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ ആദ്യം കണ്ടെത്തിയിരുന്നത്. പിന്നീട് വിശദമായ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. പിന്നാലെ കാണാതായ മറിയക്കുട്ടിയുടെ ഇളയമകന്‍ സജിയാണ് പ്രതിയെന്നായിരുന്നു പൊലീസ് നിഗമനം. മറിയക്കുട്ടിയെയും റെജിയെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് സംശയിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു. പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലും തെരച്ചിലിലുമാണ് സജിയെ കണ്ടെത്തിയത്. സജിയെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്ന് പൊലീസ് അറിയിച്ചു.


Post a Comment

0 Comments