വരദൂർ: വരദൂർ പാലത്തിന് സമീപമുള്ള പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശിയായ സുഭാഷിന്റെ മകൻ അലൻ (13) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശികളായ ആറു വിദ്യാർത്ഥികൾ ചേർന്നാണ് വരദൂരിലെ പാലത്തിന് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ മൂന്ന് പേർ വെള്ളത്തിൽപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
ഇവരിൽ രണ്ട് പേരെ സമയോചിതമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അലനെ കണ്ടെത്താൻ ഒരുമണിക്കൂറിലധികം നീണ്ട തിരച്ചിൽ നടത്തേണ്ടി വന്നു. പിന്നീട് കണ്ടെത്തിയ അലനെ ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൽപ്പറ്റയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും, തുര്‍ക്കി ജീവൻരക്ഷാ സേനയിലെ നിഷാദും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുട്ടിൽ ഡബ്ല്യുഎംഒ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അലൻ.

0 Comments