എയർ ഇന്ത്യ എക്സ്പ്രസ്; മസ്കത്തിൽ നിന്ന് കോഴിക്കോട്, കൊച്ചി സർവീസുകൾ പുനരാരംഭിക്കുന്നു



മസ്കത്ത്: ഒമാനിലെ പ്രവാസി മലയാളികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ് പ്രസ് മസ്കത്തിൽനിന്ന് കോഴി​ക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള സർവിസുകൾ മെയ് അഞ്ചു മുതൽ പുനരാരംഭിക്കും. മെയ് അഞ്ചു മുതൽ എല്ലാ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് കോഴിക്കോട്ടേക്കുള്ള സർവിസ്. മസ്കത്തിൽ നിന്ന് ഉച്ചക്ക് രണ്ടിന് പുറപ്പെടുന്ന വിമാനം രാത്രി 7.10ന് കോഴിക്കോടെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചിയിലേക്കുള്ള സർവീസ്. രാവിലെ 8.25ന് മസ്കത്തിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.45ന് കൊച്ചിയിലെത്തും.

കേരളത്തിലേക്ക് കണ്ണൂർ, തിരുവനന്തപുരം സർവിസുകൾ ഏപ്രിൽ ആദ്യത്തിൽ പുനരാരംഭിച്ചെങ്കിലും കോഴിക്കോട്, കൊച്ചി സർവിസുകളുണ്ടായിരുന്നില്ല. ഒമാനിൽ സ്കൂൾ അവധിക്കാലം കൂടി ആരംഭിക്കാനിരിക്കുന്നതിനാൽ കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും മസ്കത്തിൽനിന്ന് പുനരാരംഭിക്കുന്നത് പ്രവാസികൾക്ക് സഹായകരമാവും. അതേസമയം, സലാല സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒരറിയിപ്പും ഇതുവരെ എയർ ഇന്ത്യ എക്സ്പ്രസ് പുറപ്പെടുവിച്ചിട്ടില്ല.


Post a Comment

0 Comments