കൊട്ടിയൂർ:എൽ ഡി എഫ് പ്രകടനപത്രിക കർഷക ദ്രോഹമെന്ന് കിഫ. പ്രകടന പത്രികയിൽ പശ്ചിമഘട്ട ഭൂപ്രശ്നങ്ങൾ എന്ന തലക്കെട്ടിൽ 736 ആം ഐറ്റം ആയി 'പരിസ്ഥിതി ദുർബല പ്രദേശങ്ങൾ (ESZ, EFL, Ecologically Sensitive Slopes) വ്യക്തമായി തിരിച്ചറിഞ്ഞ് ഇത്തരം പ്രദേശങ്ങളിൽ നിയന്ത്രിത വികസനം' മാത്രമേ അനുവദിക്കൂ എന്ന് പറയുന്നു.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ കാലം മുതൽ ESA, ESZ, EFL, ബഫർ സോൺ എന്നിങ്ങനെ വിവിധ പേരുകളിൽ കർഷകന്റെ ഭൂമിയിലേക്ക് വനം വളർത്തുന്ന വിവിധ പദ്ധതികളെ സമരം ചെയ്ത് തോൽപ്പിച്ച പാരമ്പര്യമുള്ള കേരളത്തിന്റെ മലയോര മേഖലയിലേക്ക് എൽ ഡി എഫ് വക പുതിയൊരു ഇരുട്ടടി കൂടി വന്നിരിക്കുകയാണെന്ന് കിഫ പ്രസ്താവനയിൽ പറഞ്ഞു.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും അതിനുശേഷം വന്ന കസ്തൂരിരംഗൻ റിപ്പോർട്ടും, അതിനുശേഷം വന്ന ബഫർസോണും ഒക്കെ ഏറ്റവും പ്രധാനമായും മുന്നോട്ടു വച്ചിരുന്നത് വികസന നിരോധനവും നിർമ്മാണ നിരോധനവും ഭൂ ഉപയോഗത്തിലുള്ള നിയന്ത്രണങ്ങളും കർഷകന്റെ പറമ്പിൽ വനം വകുപ്പിനുള്ള മേൽക്കോയ്മയും ആയിരുന്നു.
അതേ നിയന്ത്രണങ്ങൾ തന്നെ ഇ എസ് എസ് എന്ന ഓമനപേരിൽ കേരളത്തിലെ മലയോര കർഷകരുടെ പറമ്പിലേക്ക് അടിച്ചേൽപ്പിക്കും എന്നാണ് ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ പറയുന്നതെന്നും ഇത് മലയോര ജനതയോടുള്ള വെല്ലുവിളിയും ചെറുത്തു തോൽപ്പിക്കേണ്ട അനീതിയുമാണെന്നും കിഫ ചൂണ്ടിക്കാട്ടി.

0 Comments