കൊല്‍ക്കത്ത: ബംഗാളില്‍ 15 ബൂത്തുകളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ റീപോളിങ് തുടങ്ങി. മഗ്രാഹാത് വെസ്റ്റില്‍ 11 ബൂത്തിലും ഡയമണ്ട് ഹാര്‍ബറില്‍ നാല് ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ്. എല്ലാം സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വരുന്ന ബൂത്തുകളാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് ആറ് മണി വരെ തുടരും. ഏപ്രില്‍ 29ന് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ബൂത്തുകളാണ് ഇവ. വോട്ടിങ്ങില്‍ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിന്റെയും ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് റീപോളിങ് എന്നാണ് വിവരം.

ഡയമണ്ട് ഹാര്‍ബറിലെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് 29 പരാതികളും മഗ്രാഹാത് വെസ്റ്റില്‍ നിന്ന് 13 പരാതികളുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. പരാതിയില്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തേടിയ ശേഷമാണ് റീപോളിങ്ങിന് ഉത്തരവിട്ടത്. കനത്ത സുരക്ഷയിലാണ് റീപോളിങ് നടക്കുന്നത്.

ബംഗാളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടരുത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.