ബംഗാളിലെ ഫാല്‍തയില്‍ മുഴുവന്‍ ബൂത്തുകളിലും മെയ് 21ന് റീപോളിങ്

കൊല്‍ക്കത്ത: ബംഗാളിലെ ഫാല്‍ത മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും മെയ് 21ന് റീപോളിങ് നടത്താന്‍ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലും റീപോളിങ് നടക്കും. 24ന് വോട്ടെണ്ണും. വോട്ടെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഏപ്രില്‍ 29നാണ് ഫാല്‍തയില്‍ വോട്ടെടുപ്പ് നടന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി പരാതി ഉയരുകയായിരുന്നു. ഇത് പരിശോധിച്ച കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അട്ടിമറി നടന്നതായി വിലയിരുത്തിയാണ് വീണ്ടും വോട്ടെടുപ്പിന് ഉത്തരവിട്ടത്.

ഇന്നലെ ബംഗാളിലെ 15 ബൂത്തുകളില്‍ റീപോളിങ് നടന്നിരുന്നു. മഗ്രാഹാത് വെസ്റ്റില്‍ 11 ബൂത്തിലും ഡയമണ്ട് ഹാര്‍ബറില്‍ നാല് ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ് നടന്നത്. എല്ലാം സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബൂത്തുകളാണ്. ഏപ്രില്‍ 29ന് രണ്ടാംഘട്ടത്തില്‍ നടന്ന വോട്ടിങ്ങില്‍ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിന്റെയും ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു റീപോളിങ്.

ഏപ്രില്‍ 23നും 29നുമായി രണ്ട് ഘട്ടമായാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പോളിങ് ശതമാനമാണ് ഇക്കുറിയുണ്ടായത്. രണ്ടുഘട്ടത്തിലുമായി ആകെ 92.47 ശതമാനമാണ് പോളിങ്.

അതിനിടെ, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി നിയമിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി ഇന്നലെ ഇടപെടാന്‍ വിസമ്മതിച്ചു. കേന്ദ്ര ഉദ്യോഗസ്ഥരെ നിയോഗിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ തെറ്റില്ലെന്നും നിയമപരമാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ജീവനക്കാര്‍ക്ക് ഏതെങ്കിലും പക്ഷപാതമുണ്ടെന്ന് കരുതാനാകില്ല. ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കൗണ്ടിങ് ഏജന്റുമാരും സ്ഥാനാര്‍ഥികളും ഉള്‍പ്പടെയുള്ളവര്‍ വോട്ടെണ്ണുന്ന ഓരോ ടേബിളിലും ഉണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.

കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് ഏജന്റും കേന്ദ്ര ഉദ്യോഗസ്ഥരാണെങ്കില്‍ പോലും ചട്ടപ്രകാരം ഇതില്‍ തെറ്റില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വോട്ടെണ്ണല്‍ ക്രമീകരണങ്ങളില്‍ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നുണ്ടെന്നും കൗണ്ടിങ് സൂപ്പര്‍വൈസര്‍ കേന്ദ്ര ഉദ്യോഗസ്ഥനും കൗണ്ടിങ് ഏജന്റ് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

Post a Comment

0 Comments