രാവിലെ എട്ട് മണിക്ക് തപാൽ വോട്ടുകൾ എണ്ണിക്കൊണ്ടാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. തപാൽ വോട്ടുകൾക്ക് ശേഷമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുകയുള്ളൂ. രാവിലെ ഏഴ് മണിയോടെ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് സ്ട്രോങ്ങ് റൂമുകൾ തുറക്കും. എട്ട് മുപ്പതോട് കൂടി ആദ്യ ഫലസൂചനകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. വൈകുന്നേരം അഞ്ച് മണിയോടെ വോട്ടെണ്ണൽ പ്രക്രിയ പൂർണ്ണമായും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മെയ് ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം 20,028 സർവീസ് വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ഈ വോട്ടുകൾ എണ്ണിത്തീരുന്നതോടെ മാത്രമേ അന്തിമ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ഓരോ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴും കൃത്യമായ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. വിജയാഘോഷങ്ങൾ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നീങ്ങിയാൽ ജില്ലാ ഭരണകൂടങ്ങൾക്ക് ഇടപെടാൻ അധികാരമുണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ധൃതി കാണിക്കാതെ ഓരോ റൗണ്ടും കൃത്യമായി എണ്ണിത്തീർക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട പരാതികൾ കമ്മീഷൻ പരിശോധിക്കുമെങ്കിലും നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ ഇടപെടാൻ സാധിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
0 Comments