പയ്യന്നൂർ: സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമായി പി.വി അൻവർ കൂടിക്കാഴ്ച നടത്തി. പയ്യന്നൂർ വെള്ളൂരിലെ കുഞ്ഞികൃഷ്ണന്റെ വസതിയിൽ വെച്ചായിരുന്നു സന്ദർശനം. എൽഡിഎഫ് മുന്നണി വിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവർ, ചുരുങ്ങിയ കാലയളവിനുള്ളിൽ അവിടെനിന്നും രാജിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ അൻവർ നടത്തുന്ന പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരുവരും ഗൗരവതരമായ വിഷയങ്ങൾ സംസാരിച്ചതായാണ് വിവരം. പയ്യന്നൂരിലെ സിപിഎം ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായി അകന്നുനിൽക്കുകയാണ് വി. കുഞ്ഞികൃഷ്ണൻ. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞികൃണൻ യുഡിഎഫ് പിന്തുണയിൽ മത്സരിക്കുകയും ചെയ്തിരുന്നു. കുഞ്ഞികൃഷ്ണനെപ്പോലെയുള്ള നേതാക്കൾ ഒതുക്കപ്പെടുന്നു എന്ന ആരോപണം നേരത്തെയും അൻവർ ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ അസംതൃപ്തരായ ഇടതുപക്ഷ നേതാക്കളെയും പ്രവർത്തകരെയും ഏകോപിപ്പിക്കാനുള്ള അൻവറിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ സന്ദർശനമെന്ന് വിലയിരുത്തപ്പെടുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ പി.വി. അൻവർ മാധ്യമങ്ങളോട് പ്രതികരിക്കവെ, ഇതൊരു വ്യക്തിപരമായ സന്ദർശനം മാത്രമാണെന്ന് വ്യക്തമാക്കി. കുഞ്ഞികൃഷ്ണനെ കാണാൻ എത്തിയതാണെന്നും ഇതിൽ മറ്റ് അർഥങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞുവെങ്കിലും രാഷ്ട്രീയ വൃത്തങ്ങൾ ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. വടക്കൻ കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്ന അൻവറിന്, സിപിഎമ്മിനുള്ളിൽ സ്വാധീനമുണ്ടായിരുന്ന കുഞ്ഞികൃഷ്ണനെപ്പോലൊരാളുടെ പിന്തുണ ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

0 Comments