പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർധിക്കുന്നതിനിടയിൽ, വരും മാസങ്ങളിൽ ബിസിനസുകൾ നേരിടേണ്ടിവരുന്ന സാമ്പത്തിക അനിശ്ചിതത്വത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ടെക്സ്റ്റൈൽ സംരംഭകൻ. എക്സിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം വൈറലാവുകയും വ്യാപകമായ ചർച്ചയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതിനെക്കുറിച്ചും വ്യവസായങ്ങളിലുടനീളം സാധ്യമായ പിരിച്ചുവിടലുകളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നതാണ് പോസ്റ്റ്.

സംരംഭകനായ അക്ഷയ് ജെയിൻ, ബിസിനസുകളുടെ സമീപഭാവിയെക്കുറിച്ച് ആശങ്കാജനകമായ ഒരു പ്രവചനം നടത്തിയത്. നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കാരണം അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്നതിനാൽ, വരാനിരിക്കുന്ന ആറ് മാസങ്ങൾ കമ്പനികൾക്ക് "വളരെ കഠിനം" ആയിരിക്കുമെന്ന് ജെയിൻ എക്സിൽ പങ്കുവെച്ച തന്റെ പോസ്റ്റിൽ പറയുന്നു. നിലവിലെ വേഗതയിലാണ് ചെലവുകൾ വർധിക്കുന്നതെങ്കിൽ, പല മേഖലകളിലും വൻതോതിലുള്ള പിരിച്ചുവിടലുകൾക്കും ബിസിനസുകൾ പൂട്ടുന്നതിനും വരെ രാജ്യം സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അസംസ്‌കൃത വസ്തുക്കളുടെ വർധിച്ചുവരുന്ന വില ഇതിനകം തന്നെ കുറഞ്ഞ ലാഭത്തിൽപ്രവർത്തിക്കുന്ന ബിസിനസുകൾക്ക് താങ്ങാനാവാത്തതായി മാറിയിട്ടുണ്ടെന്ന് ജെയിൻ കൂട്ടിച്ചേർത്തു.

ഇതിനോട് പലരും പ്രതികരിച്ചു. തങ്ങൾ നിലവിൽ നേരിടുന്ന വെല്ലുവിളികൾ വിവരിച്ചുകൊണ്ട് നിരവധി സംരംഭകരും പ്രൊഫഷണലുകളും ഈ ചർച്ചയിൽ പങ്കുചേരുകയും ചെയ്തു.സാമ്പത്തിക മാന്ദ്യം ആറ് മാസത്തേക്കാൾ കൂടുതൽ നീണ്ടുനിന്നേക്കാമെന്ന് പറഞ്ഞ ഒരു ഉപയോക്താവ് ചെറുകിട-ഇടത്തരം ബിസിനസുകൾക്ക് (SMBs) കാര്യമായ ഒരു വീണ്ടെടുപ്പ് നടത്താൻ രണ്ട് വർഷം വരെ വേണ്ടിവന്നേക്കാമെന്നും പ്രവചിച്ചു. വർധിച്ചുവരുന്ന ചെലവുകൾ, തൊഴിലാളികളുടെ ദൗർലഭ്യം, ഉപഭോക്താക്കളുടെ കുറഞ്ഞ ഡിമാൻഡ് എന്നിവ കാരണം യുവ സംരംഭകർ ഇതിനുമുമ്പ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിധം ദുഷ്‌കരമായ ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഈ പ്രതിസന്ധിയുടെ ആഘാതം ബിസിനസുകളിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്നും കൃഷി, ഉത്പാദനം, സാങ്കേതികവിദ്യ, അസംസ്‌കൃത വസ്തുക്കൾ ഉൾപ്പെടെയുള്ള മറ്റ് മേഖലകളിലേക്കും പടർന്നേക്കാമെന്നും മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടു. ആഗോള സാഹചര്യം ഇനിയും വഷളാകുകയാണെങ്കിൽ, അതിന്റെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യ കഠിനമായി പാടുപെടേണ്ടി വന്നേക്കാമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

ഉൽപ്പന്നങ്ങളുടെ വിലയും പ്രവർത്തനച്ചെലവും 20 ശതമാനത്തിലധികം വർധിച്ചിട്ടുണ്ടെങ്കിലും, ഉപഭോക്താക്കൾ ചെലവ് ചുരുക്കുന്നതിനാൽ അതിനനുസരിച്ച് ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ബിസിനസുകൾക്ക് കഴിയുന്നില്ലെന്ന് ഒരു സംരംഭകൻ കുറിച്ചു