രാജ്യത്ത് വൈദ്യുതിക്ഷാമമുണ്ടെന്ന വാദം തള്ളി കേന്ദ്രസര്‍ക്കാര്‍



ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന വാദം തള്ളി കേന്ദ്രസര്‍ക്കാര്‍. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് അറിയിച്ച് രംഗത്തെത്തിയത്. പീക് സമയങ്ങളില്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

മെയ് രണ്ടിന പീക്ക് സമയത്ത് 229 ജിഗാവാട്ടിന്റെ ആവശ്യകത ഉണ്ടായിട്ടും ഒരു പ്രതിസന്ധിയുമില്ലാതെ അത് നല്‍കാന്‍ കഴിഞ്ഞുവെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിശദീകരിച്ചു. താപവൈദ്യുത നിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി സ്‌റ്റോക്കുണ്ട്. 53.702 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് സ്‌റ്റോക്കിലുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

പ്രോട്ടോകോള്‍ പാലിച്ച് ഗ്രിഡുകളുടെ പ്രവര്‍ത്തനവും സുഗമമായി നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വടക്കന്‍, മധ്യ, പടിഞ്ഞാറന്‍ ഇന്ത്യകളിലെ കനത്ത ചൂട് മൂലം എ.സി, എയര്‍കൂളര്‍ എന്നിവയുടെയല്ലാം ഉപയോഗം വര്‍ധിച്ചതാണ് വൈദ്യുതി ആവശ്യകത വര്‍ധിക്കാനും കാരണം. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച മുതലാണ് വൈദ്യുത ഉപഭോഗം വര്‍ധിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഏപ്രില്‍ 24ന് അത് 252.07 ജിഗാവാട്ടെന്ന റെക്കോഡിലേക്ക് എത്തി.

ഏപ്രില്‍ ഒന്ന് മുതല്‍ 27 വരെയുള്ള കാലയളവില്‍ എട്ട് മുതല്‍ ഒമ്പത് ശതമാനത്തിന്റെ വരെ വര്‍ധനവൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ ചില മേഖലകളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്നും വേനല്‍മഴയെത്തിയതാണ് ഇതിനുള്ള പ്രധാനകാരണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

Post a Comment

0 Comments