കാസർകോട്: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎം നേൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജില്ലാ ഘടകങ്ങള്‍. തമ്പ്രാക്കന്മാർ, അടിയാന്മാർ നിലപാടാണ് പാർട്ടിയിലെന്ന് കാസർകോട് ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർഥിയാക്കിയത് തിരിച്ചടിയായെന്നും അംഗങ്ങൾ വിലയിരുത്തി.

നേരത്തെ, ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും നേതൃത്വത്തിനെതിരെ വിമർശനമുയർന്നിരുന്നു. പിണറായി വിജയന്‍റെയും എം.വി ഗോവിന്ദന്‍റേയും ശൈലിക്കും തീരുമാനങ്ങൾക്കുമെതിരെ യോഗത്തിൽ അംഗങ്ങൾ പരസ്യമായി അമർഷം രേഖപ്പെടുത്തി. ഭരണ-പാർട്ടി നേതൃത്വങ്ങളുടെ പോരായ്മകളാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം.

പാർട്ടി നേതാക്കളുടെ ശരീരഭാഷ ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയിലാണെന്ന് യോഗത്തിൽ കടുത്ത വിമർശനമുയർന്നു. ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുന്നതെന്ന ആക്ഷേപവും യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയോഗിച്ചത് ശരിയായില്ലെന്നും അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിയണമെന്നുമുള്ള ആവശ്യവും യോഗത്തിൽ ചർച്ചയായി.

കൂടാതെ, സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഇറക്കിയത് വലിയ തെറ്റായ തീരുമാനമായിപ്പോയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എ.കെ. ബാലൻ നടത്തിയ ചില പരാമർശങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കാൻ കാരണമായതായും വിമർശനമുണ്ട്.