ന്യുഡൽഹി: സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ ക്രോക്കോച്ച് ജനത പാർട്ടിക്കെതിരായ പൊതുതാൽപര്യ ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസ്സമ്മതിച്ച് സുപ്രിംകോടതി. കോടതി മുറികളിലെ ഇത്തരം പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രോളിനായി ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന അഭിഭാഷകന്റെ ആവശ്യത്തോട് കാര്യങ്ങളെ അത്ര വൈകാരികമായി കാണേണ്ടതില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രതികരണം.

ക്രോക്കോച്ച് ജനത പാർട്ടിയുടെ പ്രവർത്തനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച മറ്റൊരു ഹരജിയും അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസ്സമതിച്ചു. കേസ് പരിഗണിക്കവേ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞതിൽ വ്യക്തത വരുത്തിയതിന് ശേഷവും തെറ്റായ കാര്യങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അഭിഭാഷകനായ ഹരജിക്കാരൻ കോടതിയിൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രവണത തടയണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ചീഫ് ജസ്റ്റിസ്.

ഈ മാസം 15-ാം തിയതി സുപ്രിംകോടതിയിൽ നടന്ന ഒരു വിചാരണക്കിടെയാണ് ചീഫ് ജസ്റ്റിസ് കോക്രോച്ച് പരാമർശം നടത്തിയത്. ഡൽഹി ഹൈക്കോടതിയിൽ തനിക്ക് 'സീനിയർ അഡ്വക്കേറ്റ്' പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പദവികൾക്കായി ഇങ്ങനെ പിന്നാലെ നടക്കുന്നത് ശരിയാണോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് തുടർന്ന് നടത്തിയ നിരീക്ഷണം ഇങ്ങനെയായിരുന്നു.- 'ഭരണസംവിധാനങ്ങളെ ആക്രമിക്കുന്ന ചില പരാന്നഭോജികൾ ഈ സമൂഹത്തിലുണ്ട്. നിങ്ങൾ അവരുടെ കൂടെ കൂടാനാണോ നോക്കുന്നത്? തൊഴിലില്ലാത്ത, ഈ രംഗത്ത് ഒരിടവുമില്ലാത്ത പാറ്റകളെപ്പോലെയുള്ള (Cockroaches) ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാധ്യമങ്ങളാകും, ചിലർ സോഷ്യൽ മീഡിയക്കാരാകും, മറ്റു ചിലർ ആർടിഐ പ്രവർത്തകരാകും. എന്നിട്ട് അവർ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങും.'

സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ കോക്രോച്ച് പരാമർശം സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നു. വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. അഭിജീത് ദീപ്‌കെ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ സോഷ്യൽമീഡിയ ഹാൻഡിലുകൾ തുറന്നതോടെ വൻ പിന്തുണയാണ് ലഭിച്ചത്. ചീഫ് ജസ്റ്റിസിന്റെ വാക്കുകളെ പരിഹസിച്ചുകൊണ്ട് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും വിദ്യാഭ്യാസ നയങ്ങളും ചർച്ച ചെയ്യുന്ന ലക്ഷക്കണക്കിന് മീമുകളാണ് ഈ പേജിലൂടെ പ്രചരിച്ചത്.

പ്രതിഷേധം ശക്തമായതോടെ താൻ രാജ്യത്തെ യുവാക്കളെ കുറിച്ചല്ല സംസാരിച്ചതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് അഭിഭാഷക രംഗത്തേക്കും മാധ്യമ രംഗത്തേക്കും കടന്നുകൂടി വ്യവസ്ഥിതിയെ തകർക്കാൻ ശ്രമിക്കുന്നവരെയാണ് താൻ 'പരാന്നഭോജികൾ' എന്ന് വിളിച്ചതെന്നും, ഇന്ത്യയിലെ യുവതലമുറയെക്കുറിച്ച് തനിക്ക് ഏറെ അഭിമാനമേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.