കൊച്ചി: ബഹ്റൈൻ വിമാനത്താവളം അടച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. ബഹ്‌റൈനിലെ ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍റെ ആക്രമണം ഉണ്ടായിരുന്നു.

ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയത്. പിന്നാലെ തുടരെ ആക്രമണമുണ്ടായി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾക്ക് നേരെയും യുഎസ് ബേസ് ലക്ഷ്യമിട്ടും നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി പ്രതിരോധിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് രാജ്യത്തെ ലക്ഷ്യമാക്കിയെത്തിയത്. അവയെല്ലാം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തടയുകയായിരുന്നു. ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്‌റൈൻ പ്രതിരോധ സേന വ്യക്തമാക്കി