കൊളക്കാട്: വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിതമായ മലബാറിലെ മലയാറ്റൂർ എന്ന അനുഗ്രഹീത നാമത്തിൽ അറിയപ്പെടുന്ന തലശ്ശേരി അതിരൂപത തീർത്ഥാടന കേന്ദ്രമായ കൊളക്കാട് സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ നവനാളും ദുക്റാന തിരുനാൾ ആഘോഷവും ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ നടത്തപ്പെടുന്നു. ജൂൺ 24 ന് ബുധനാഴ്ച്ച വൈകുന്നേരം 4 ന് വികാരി ഫാ തോമസ് പട്ടാംകുളം കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തുടർന്ന് 4.15 ന് ആഘോഷമായ വി. കുർബാനയ്ക്കും നൊവേനക്കും അസ്സി. വികാരി ഫാ. ആൽബർട്ട് മാപ്പിളപ്പറമ്പിൽ നേതൃത്വം നൽകി. തിരുനാൾ ദിനങ്ങളിൽ എല്ലാദിവസവും ഉച്ചകഴിഞ്ഞ് 3.45 ന് ദിവ്യകാരുണ്യ ജപമാല,4.15 ന് വി. കുർബാനക്കും, നൊവേനക്കും ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ,
ഫാ. ജോസഫ് ഓരത്തേൽ, ഫാ. ജോമോൻ മേമന MSSCC, ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, ഫാ. കുര്യാക്കോസ് പുളിയാനപ്പള്ളിയിൽ, ഫാ. ജോസഫ് പാലക്കൽ, ഫാ. തോമസ് ഞരളക്കാട്ട്പുരയിടത്തിൽ SDB, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി തുടങ്ങിയവർ നേതൃത്വം നൽകും. ജൂലൈ 3ന് ദുക്റാന തിരുനാൾ ദിനത്തിൽ ഉച്ചകഴിഞ്ഞ്
3.30ന് തിരുക്കർമ്മങ്ങൾക്ക് മാനന്തവാടി രൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ. അലക്സ് താരാമംഗലം നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണവും പാച്ചോർ നേർച്ചയും ഉണ്ടായിരിക്കും. തിരുനാൾ ദിവസങ്ങൾ തീർഥാടന കേന്ദ്രത്തിലെ നേർച്ച കാഴ്ച സമർപ്പണത്തിനും, അടിമ വെക്കുന്നതിനും, കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും.

0 Comments