ന്യൂഡൽഹി: സ്വന്തം കൃഷിക്കായി തന്റെ വകുപ്പിൽ നിന്ന് ഒരു കോടിയോളം രൂപ സബ്ഡിസി വാങ്ങിയ കേന്ദ്രമന്ത്രി വിവാദത്തിൽ. കേന്ദ്ര കൃഷി- കർഷകക്ഷേമ സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ആരോപണം. സ്വന്തം കൃഷിയിടത്തിന് സ്വന്തം മന്ത്രാലയത്തിൽനിന്ന് മന്ത്രി 99.6 ലക്ഷം രൂപയുടെ സബ്‌സിഡി അനുവദിച്ചതായി 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ വെള്ളരിക്ക കൃഷിക്ക് 99.6 ലക്ഷം സബ്‌സിഡി നേടിയെന്നാണ് ആരോപണം.

ദേശീയ ഹോർട്ടികൾച്ചർ ബോർഡിന്റെ സഹായത്തോടെയുള്ള പദ്ധതിയിലൂടെയാണ് സബ്‌സിഡി അനുവദിച്ചത്. പോളിഹൗസ് വെള്ളരിക്ക കൃഷി പദ്ധതിക്കാണ് സഹായം ലഭിച്ചത്. പദ്ധതിയുടെ ആകെ ചെലവ് ഒരുകോടി 99 ലക്ഷം രൂപയാണ്. ഇതിൽ 50 ശതമാനം സബ്‌സിഡിയായാണ് അനുവദിച്ചത്. മന്ത്രിക്ക് പുറമെ രാജസ്ഥാൻ കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ നരേഷ്പാൽ ഗംഗ്വാറിനും കുടുംബത്തിനും സബ്സിഡി ലഭിച്ചതായും റിപ്പോർട്ടുണ്ട്.

മധ്യ രാജസ്ഥാനിലെ ദീഡ്വാന- കുചാമൻ ജില്ലയിലുള്ള പീഹ് ഗ്രാമത്തിലെ മന്ത്രിയുടെ വിശാലമായ ഫാമിൽ ഒരു വലിയ വൈറ്റ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ഭാരത സർക്കാർ, കൃഷി-കർഷകക്ഷേമ മന്ത്രാലയം, നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റെ സഹായത്തോടെ നടപ്പിലാക്കിയത്, ഗുണഭോക്താവിന്റെ പേര്: മിസ്റ്റർ ഭാഗീരഥ് ചൗധരി, സബ്‌സിഡി തുക: 50 ശതമാനം (99,60,000 രൂപ). എന്നാൽ ഈ ബോർഡിൽ പറയാത്ത ഒരു കാര്യമുണ്ട് - ഈ വൻതുക അനുവദിച്ച മന്ത്രാലയത്തിന്റെ നിയന്ത്രണമുള്ള ബോർഡിന്റെ തലപ്പത്തിരിക്കുന്നത് ഇതേ ഗുണഭോക്താവായ കേന്ദ്രമന്ത്രി തന്നെയാണ്.

വാണിജ്യ അടിസ്ഥാനത്തിലുള്ള പച്ചക്കറി- പുഷ്പ കൃഷികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2014-15ൽ കേന്ദ്ര സർക്കാർ ആരംഭിച്ച 'മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ' പദ്ധതി പ്രകാരമാണ് ഈ സബ്‌സിഡി അനുവദിച്ചിരിക്കുന്നത്. നാഷണൽ ഹോർട്ടികൾച്ചർ ബോർഡാണ് ഇത് നിയന്ത്രിക്കുന്നത്. ഈ ബോർഡിന്റെ ഡയറക്ടർ ബോർഡ് മേധാവി കേന്ദ്ര കൃഷിമന്ത്രിയും (പ്രസിഡന്റ്), വൈസ് പ്രസിഡന്റ് കേന്ദ്രസഹമന്ത്രി ഭാഗീരഥ് ചൗധരിയുമാണ്.

രേഖകൾ പ്രകാരം സബ്‌സിഡി തുക അനുവദിക്കുന്ന പ്രോജക്ട് അപ്രൂവൽ കമ്മിറ്റിയിൽ മന്ത്രിക്ക് നേരിട്ട് റോളില്ലെങ്കിലും, തന്റെ കീഴിലുള്ള വകുപ്പിൽ നിന്ന് തന്നെ കോടികളുടെ പ്രോജക്ടിന് മന്ത്രി സബ്‌സിഡി വാങ്ങിയത് ധാർമികമായ വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതി പ്രകാരം രാജ്യത്താകെ 467 പ്രോജക്ടുകളാണ് അംഗീകരിച്ചത്. ഇതിൽ 50 ലക്ഷത്തിന് മുകളിൽ സബ്‌സിഡി ലഭിച്ച 60 പേരിൽ ഒരാളാണ് മന്ത്രി.

തന്റെ ഫാമിലെ 16,592 ചതുരശ്ര മീറ്ററിലായി വെള്ളരി കൃഷി ചെയ്യാനാണ് 1.99 കോടി രൂപയുടെ പ്രോജക്ട് മന്ത്രി തയ്യാറാക്കിയത്. ഇതിനായി എച്ച്ഡിഎഫ്‌സി ബാങ്കിൽ നിന്ന് 1.49 കോടി രൂപ അദ്ദേഹം വായ്പയെടുത്തിരുന്നു. 2025 ഏപ്രിൽ 15-നാണ് അജ്മീറിൽ നിന്നുള്ള ബിജെപി എംപിയായ ഭാഗീരഥ് ചൗധരി അപേക്ഷ സമർപ്പിച്ചത്. സാധാരണഗതിയിൽ കർശനമായ സ്ഥലപരിശോധനകൾ ആവശ്യമുള്ള ഈ പദ്ധതിക്ക്, അപേക്ഷ നൽകി വെറും 14 ദിവസങ്ങൾക്കുള്ളിൽ തത്വത്തിൽ അംഗീകാരം ലഭിച്ചു. തുടർന്ന് 2026 മാർച്ച് 11-ന് അന്തിമ അനുമതിയും ലഭിച്ചു. മാർച്ച് 30-ഓടെ 99.03 ലക്ഷം രൂപ സബ്‌സിഡിയായി മന്ത്രിയുടെ ബാങ്ക് വായ്പ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുകയും ചെയ്തു.

2025 മാർച്ചിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച ആസ്തിവിവര പ്രഖ്യാപനത്തിൽ ഈ കൃഷിഭൂമിയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, അനുമതി കാത്തു കിടന്നിരുന്ന ഈ വലിയ പ്രോജക്ടിനെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. എന്നാൽ പദ്ധതിയുടെ വിവരങ്ങൾ സർക്കാരിനെ അറിയിക്കുമെന്നാണ് മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് 'ഇന്ത്യൻ എക്‌സ്പ്രസ്' അയച്ച ചോദ്യാവലിയോട് പ്രതികരിക്കാൻ മന്ത്രി ഭാഗീരഥ് ചൗധരി തയ്യാറായിട്ടില്ല.