ഹ്യുസ്റ്റൺ: സൗദി അറേബ്യയെ സമനിയിൽ തളച്ച് കേപ്പ് വെർദെ ചരിത്രത്തിൽ ആദ്യമായി റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടി. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് കേപ്പ് വെർദെ മുന്നേറുന്നത്. ലോകകപ്പ് നോക്ക്ഔട്ടിലേക്ക് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി മാറി കേപ്പ് വെർദെ. അടുത്ത റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് എതിരാളികൾ.
ഹ്യൂസ്റ്റണിൽ നടന്ന സൗദി അറേബ്യ - കേപ്പ് വെർദെ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയും സ്പെയിനെതിരെ ഉറുഗ്വേ തോൽവി വഴങ്ങി പുറത്തായതോടെയാണ് കേപ്പ് വെർദെ റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ചെങ്കിലും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. മൂന്ന് മത്സരങ്ങളിൽ മൂന്ന് സമനിലയുമായി തോൽവിയറിയാതെയാണ് കേപ്പ് വെർദെ അടുത്ത റൗണ്ടിൽക്ക് യോഗ്യത നേടുന്നത്. 1998ന് ശേഷം ആദ്യമായാണ് ഒരു ടീം ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയം പോലുമില്ലാതെ നോക്ക്ഔട്ട് റൗണ്ടിലേക്ക് മുന്നേറുന്നത്.
ഉറുഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സ്‌പെയിൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി. ആദ്യ പകുതിയിൽ അലക്സ് ബയേനയാണ് ഗോൾ നേടിയത്. ഗ്രൂപ്പ് ജെയിലെ രണ്ടാം സ്ഥാനക്കാരാണ് അടുത്ത റൗണ്ടിൽ സ്‌പെയിനിന്റെ എതിരാളികൾ. മാർക്കോ യോറൻ്റേയുടെ ക്രോസിൽ മികച്ച ഫിനിഷിലൂടെ ബയേന 42ാം മിനിറ്റിൽ ലക്ഷ്യം കണ്ടു.

0 Comments