ആറളം: ആറളത്തെ മോഴയാന അപകടകാരിയാണെന്നും ആറളം ഫാം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പത്തോളം പേരുടെ മരണത്തിന് കാരണമായത് ഈ ആനയാണെന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ, ഈ ആന മനുഷ്യർക്കെതിരെ ആക്രമണം നടത്തിയതിന് വ്യക്തമായ തെളിവില്ലെന്ന നിലപാടാണ് വനംവകുപ്പ് കോടതിയിൽ സ്വീകരിച്ചത്. തുടർന്ന് ആനയെ നിരന്തരം നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി വനംവകുപ്പിന് നിർദേശം നൽകിയിരുന്നു.
ഈ സാഹചര്യത്തിനിടെയാണ് ഇന്നലെ രാത്രി റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) സംഘത്തിന്റെ വാഹനം മോഴയാന ആക്രമിച്ച് മറിച്ചിട്ടത്. രാത്രി നിരീക്ഷണത്തിനിടെയായിരുന്നു സംഭവം. ആന വാഹനത്തിന് നേരെ പാഞ്ഞെത്തി ആക്രമിച്ചതിനെ തുടർന്ന് വാഹനം മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന വനപാലകർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
മോഴയാന അപകടകാരിയല്ലെന്ന വനംവകുപ്പിന്റെ വാദത്തിനിടെയുണ്ടായ ഈ സംഭവം വീണ്ടും ആനയുടെ ആക്രമണ സ്വഭാവത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കിയിരിക്കുകയാണ്. പ്രദേശവാസികൾ ആനയെ അടിയന്തരമായി പിടികൂടുകയോ മാറ്റിപ്പാർപ്പിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

0 Comments