ന്യൂഡൽഹി: കോടതി നടപടികളുടെ ഓഡിയോ, വീഡിയോ റെക്കോർഡുകൾ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിലോ മറ്റ് പ്ലാറ്റ്ഫോമുകളിലോ പോസ്റ്റ് ചെയ്യുന്നതിന് വിലക്കുമായി സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. കോടതി നടപടികൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്തരമൊരു ഉത്തരവ്.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. കോടതികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിനോദ ചാനലുകളാവാൻ കഴിയില്ലെന്നായിരുന്നു ഉത്തരവ് പുറപ്പെടുവിപ്പിച്ചു കൊണ്ട് സുപ്രിംകോടതി വ്യക്തമാക്കിയത്. കോടതിയുടെ ഓഡിയോ, വിഷ്വൽ റെക്കോർഡിംഗുകൾ ദുരുപയോഗം ചെയ്ത് പണമുണ്ടാക്കുന്നതായാണ് കണ്ടെത്തൽ.
ഇതുപ്രകാരം കോടതിയുടെ സെക്രട്ടറി ജനറലിന്റെയോ അല്ലെങ്കിൽ ഹൈക്കോടതികളിലെ രജിസ്ട്രാർ ജനറലിന്റെയോ മുൻകൂർ അനുമതിയില്ലാതെ ഓഡിയോ, വിഷ്വൽ റെക്കോർഡിംഗുകൾ അപ്ലോഡ് ചെയ്യാനോ, പോസ്റ്റ് ചെയ്യാനോ റീപോസ്റ്റ് ചെയ്യാനോ മാറ്റം വരുത്താനോ, പ്രചരിപ്പിക്കാനോ, അതു വെച്ച് പണമുണ്ടാക്കാനോ പാടില്ല.
എന്നാൽ, ഉത്തരവ് കോടതി നടപടികളുടെ വാർത്താ റിപ്പോർട്ടിംഗിനെ ബാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തക ഹർഷിത ഗ്രോവർ സമർപ്പിച്ച ഹരജിയിലാണ് ഈ ഇടക്കാല ഉത്തരവ്. വിഷയത്തിൽ കേന്ദ്ര സർക്കാരിനും ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്കും മറുപടി നൽകാനും സുപ്രികോടതി നോട്ടീസയച്ചിട്ടുണ്ട്. ഡിജിറ്റൽ ഡാറ്റ നിയന്ത്രിക്കുക എന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നും ഉത്തരവ് പുറപ്പെടുവിപ്പിക്കവെ കോടതി വ്യക്തമാക്കി.

0 Comments