അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ



അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 75 ആയി ഉയർന്നു. ചൊവ്വാഴ്ച മാത്രം ഏഴ് പേരാണ് മരിച്ചത്. നിലവിൽ ഏഴ് ജില്ലകളിലായി 3.32 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും പ്രളയബാധിതരായി തുടരുന്നതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.

പ്രളയം 622 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. സൈന്യം, വ്യോമസേന, എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, അഗ്നിരക്ഷാസേന, സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും തുടരുകയാണ്.

45,341 ഹെക്ടറിലധികം കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. വീടുകൾ, കന്നുകാലി ഷെഡുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവയ്ക്കും വ്യാപക നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.

ദുരിതബാധിതർക്കായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സമഗ്രമായ ദുരിതാശ്വാസ-പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം നഷ്ടപരിഹാരവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അധികമായി 5 ലക്ഷം കൂടി നൽകും. 30 ദിവസത്തിലധികമായി കാണാതായവരുടെ കുടുംബങ്ങൾക്കും നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം 4 ലക്ഷം സഹായം ലഭിക്കും.

കൂടാതെ, ഗുരുതരമായി ബാധിച്ച ഒരു ലക്ഷത്തിലധികം കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നൽകും. വിദ്യാഭ്യാസം തടസപ്പെടാതിരിക്കാനായി ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് 1,000 രൂപ ബിരുദ വിദ്യാർഥികൾക്ക് 3,000 രൂപ ബിരുദാനന്തര വിദ്യാർഥികൾക്ക് 5,000 രൂപ വീതം പുസ്തക ഗ്രാന്റും അനുവദിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോം വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായവും നൽകുമെന്ന് സർക്കാർ അറിയിച്ചു.

Post a Comment

0 Comments