കേളകം: ജനപ്രതിനിധി, സാമൂഹിക പ്രവർത്തകൻ, സഭാ പ്രവർത്തകൻ, രാഷ്ട്രീയ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ചെട്ടിയാംപറമ്പ് പാലത്തിങ്കൽ യോഹന്നാൻ ജോസഫ് (തങ്കച്ചൻ–65) വിടവാങ്ങുമ്പോൾ ഓർമയാകുന്നത് ജനങ്ങൾക്കിടയിൽ ജീവിച്ച ഒരു പൊതുപ്രവർത്തകന്റെ ജീവിതമാണ്. ഏത് ആവശ്യത്തിനും നാട്ടുകാർക്ക് എളുപ്പത്തിൽ സമീപിക്കാനാകുന്ന സൗമ്യതയുടെ മുഖമായിരുന്നു അദ്ദേഹം.
മുൻ കേളകം ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന യോഹന്നാൻ ജോസഫ് ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പരിഹാരത്തിനായി നിരന്തരം ഇടപെട്ടിരുന്നു. ചെട്ടിയാംപറമ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചു. അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ ജനങ്ങളെ ഏകോപിപ്പിച്ചും വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു.
വന്യജീവി ശല്യം രൂക്ഷമായ മേഖലകളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വളയംചാൽ മുതൽ അടക്കാത്തോട് വരെ ആനപ്രതിരോധ മതിൽ നിർമിക്കണമെന്ന ആവശ്യവുമായി വർഷങ്ങളായി നടന്ന പ്രവർത്തനങ്ങളുടെ മുൻനിരയിലായിരുന്നു അദ്ദേഹം. ആനപ്രതിരോധ മതിൽ നിർമാണ കമ്മിറ്റി കൺവീനറെന്ന നിലയിൽ ജനകീയ സമരങ്ങൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി.
ചെട്ടിയാംപറമ്പ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ മുൻ സൺഡേ സ്കൂൾ അധ്യാപകൻ, കോ-ഓർഡിനേറ്റർ, കൈക്കാരൻ എന്നീ നിലകളിലും അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ചു. ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം ഇടവകയുടെ സാമൂഹിക പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു.
രാഷ്ട്രീയ രംഗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായും കേളകം കോൺഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയായും ചെട്ടിയാംപറമ്പ് ബൂത്ത് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം, സംഘടനാ പ്രവർത്തനത്തേക്കാൾ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്.
ഗ്രാമത്തിന്റെ വികസനവും ജനങ്ങളുടെ സുരക്ഷയും പൊതുനന്മയും ലക്ഷ്യമിട്ട് പ്രവർത്തിച്ച യോഹന്നാൻ ജോസഫിന്റെ ജീവിതം പൊതുപ്രവർത്തനത്തിന്റെ വേറിട്ട മാതൃകയായിരുന്നു. ലാളിത്യവും സൗമ്യതയും ആത്മാർത്ഥമായ ഇടപെടലുകളുംകൊണ്ട് ചെട്ടിയാംപറമ്പിലെ ജനമനസുകളിൽ അദ്ദേഹം സ്വന്തമായ ഒരിടം നേടിയിരുന്നു. അദ്ദേഹത്തിന്റെ വേർപാടോടെ പൊതുരംഗത്തിന് നഷ്ടമാകുന്നത് ജനങ്ങൾക്കിടയിൽ ജീവിച്ച ഒരു ജനകീയ മുഖത്തെയാണ്.
0 Comments