ന്യൂഡൽഹി: സോനം വാങ്ചുകിന്‍റെ നിരാഹാരസമരം അവസാനിപ്പിച്ചെങ്കിലും സമാധാനപരമായ സമരം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. വാങ്ചുകിന്‍റെ അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ ദീപ്കെ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരേയ്ക്കും പോരാട്ടും തുടരുമെന്നും പ്രതികരിച്ചു. എക്സ് പോസ്റ്റിലൂടെയാണ് പ്രതികരണം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചാണ് തന്‍റെ 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം വാങ്ചുക് ഇന്ന് അവസാനിപ്പിച്ചത്.
'26 ദിവസത്തെ നിരാഹാരസമരം അവസാനിപ്പിച്ചതിൽ ഞങ്ങൾക്ക് ആശ്വാസവും കൃതജ്ഞതയുമുണ്ട്. സോനം സാർ, അങ്ങയുടെ അസാധാരണമായ ധൈര്യത്തിനും വലിയ ത്യാഗത്തിനും നന്ദി. നിങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് ഒരു രാജ്യത്തിന്‍റെ തന്നെ മനഃസാക്ഷിയെ തട്ടിയുണർത്തിയിരിക്കുകയാണ്. ഈ രാജ്യത്തിന് വിലമതിക്കാനാവാത്തതാണ് അങ്ങയുടെ ജീവൻ.' അഭിജിത് എക്സിൽ കുറിച്ചു.
കൂടാതെ, വാങ്ചുകിന്‍റെ നിരാഹാരം അവസാനിപ്പിച്ചെങ്കിലും വിദ്യാർഥികളുടെ സമരം അവസാനിക്കുകയില്ലെന്നും അയാൾ പറഞ്ഞുവെച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെയ്ക്കും ജന്തർ മന്തറിൽ സിജെപി സമാധാനപരമായ സമരവുമായി മുന്നോട്ടുപോകുമെന്നും ദീപ്കെ കൂട്ടിച്ചേർത്തു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുമാണ് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാര സമരം നടത്തിയത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദയുടെയും ജിതേന്ദ്ര സിങ്ങിന്‍റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു.
%20(1).jpg)
0 Comments