ന്യൂഡൽഹി: പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ പൊതുപരീക്ഷാ പരിഷ്കരണ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭ ചർച്ചയ്ക്കെടുക്കും. ബിൽ പാസാക്കുന്നതിൽ സഹകരിക്കാമെന്ന് പ്രതിപക്ഷം സമ്മതിച്ചിട്ടുണ്ടെങ്കിലും ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ അവർ ഉറച്ചുനിൽക്കുകയാണ്. അതിനിടെ, വിദ്യാർഥികൾക്കെതിരായ ലാത്തിച്ചാർജിൽ നടപടി ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.
ഇന്നലെ സഭയിൽ അവതരിപ്പിച്ച പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചർച്ചകൾ നടത്താൻ സാധിച്ചിരുന്നില്ല. സ്പീക്കറുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളുമായി നടത്തിയ സമവായ ചർച്ചകൾക്കൊടുവിലാണ് ബില്ലിന്റെ മേലുള്ള ചർച്ചയിൽ പങ്കാളികളാകാൻ പ്രതിപക്ഷം സമ്മതിച്ചത്. പരീക്ഷാ തട്ടിപ്പുകൾ തടയുന്ന ഈ നിയമനിർമാണ പ്രക്രിയയിൽ സഹകരിക്കുമെങ്കിലും വിദ്യാർഥി പ്രക്ഷോഭ വിഷയത്തിലെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷ നിലപാട്.

0 Comments