പാൽചുരം ചുരംപാത വീണ്ടും തകർന്നു; വയനാട്ടിലേക്കുള്ള പ്രധാന റോഡിൽ യാത്ര ദുരിതത്തിൽ



കേളകം: ആഴ്ചകൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ കൊട്ടിയൂർ–ബോയ്സ് ടൗൺ പാൽചുരം ചുരംപാത വീണ്ടും തകർന്നു. ചുരത്തിലെ ചെകുത്താൻ റോഡിന് സമീപമാണ് ശക്തമായ മഴയെ തുടർന്ന് റോഡിന്റെ ഉപരിതലം ഒലിച്ചുപോയതും കല്ലും മെറ്റലും ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടതും. ഇതോടെ വയനാട്ടിലേക്കും തിരിച്ചും സഞ്ചരിക്കുന്ന യാത്രക്കാരും ചരക്ക് വാഹനങ്ങളുമുൾപ്പെടെയുള്ള വാഹനങ്ങൾ കടുത്ത യാത്രാദുരിതമാണ് നേരിടുന്നത്.
കണ്ണൂർ ജില്ലയിൽ നിന്ന് വയനാട്ടിലേക്കും കർണാടകയിലേക്കും പോകുന്ന പ്രധാന മലമ്പാതയായതിനാൽ ദിവസേന നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ, ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, പച്ചക്കറി, കാർഷിക ഉൽപ്പന്നങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ കൊണ്ടുപോകുന്ന ചരക്ക് വാഹനങ്ങൾ എന്നിവ ഈ റോഡിനെ ആശ്രയിച്ചാണ് സഞ്ചരിക്കുന്നത്. റോഡ് തകർന്നതോടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണ്. മഴവെള്ളം കുത്തിയൊലിക്കുന്നതിനാൽ കുഴികളുടെ ആഴം തിരിച്ചറിയാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.
അടുത്തിടെയാണ് പൊതുമരാമത്ത് വകുപ്പ് ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ റോഡ് വീണ്ടും തകർന്നത് അറ്റകുറ്റപ്പണിയുടെ ഗുണനിലവാരത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുകയാണ്. മഴ ശക്തമായാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് യാത്രക്കാരും നാട്ടുകാരും.
റോഡിന്റെ അടിത്തറ ശക്തിപ്പെടുത്തിയും മഴവെള്ളം ഒഴുകിപ്പോകാൻ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം ഒരുക്കിയും ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി തകർന്ന ഭാഗങ്ങൾ പുനരുദ്ധരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

Post a Comment

0 Comments