കേളകം: 2025–26 സാമ്പത്തിക വർഷത്തെ പദ്ധതി വിനയോഗത്തിൽ മികച്ച നേട്ടം കൈവരിച്ച് കേളകം ഗ്രാമപഞ്ചായത്ത് കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗ മികവിന്റെ അടിസ്ഥാനത്തിൽ നൽകിയ അംഗീകാരത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അവാർഡ് ഏറ്റുവാങ്ങി.
2025 ഡിസംബറിൽ പുതിയ ഭരണസമിതി അധികാരമേറ്റെടുക്കുമ്പോൾ പഞ്ചായത്തിന്റെ പദ്ധതി വിനിയോഗം ചെലവ് 20 ശതമാനത്തിൽ താഴെയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് പറഞ്ഞു. തുടർന്ന് ഭരണസമിതിയുടെയും ജീവനക്കാരുടെയും സംയോജിത പ്രവർത്തനഫലമായി വെറും മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും നിർവഹണത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയും ചെയ്തതോടെയാണ് ജില്ലയിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു.
വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും ജനങ്ങൾക്ക് പദ്ധതികളുടെ പ്രയോജനം വേഗത്തിൽ ലഭ്യമാക്കുന്നതിനും ഭരണസമിതി സ്വീകരിച്ച നടപടികളാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് പഞ്ചായത്ത് നേതൃത്വം വ്യക്തമാക്കി.
0 Comments