തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അമുസ്‌ലിംകള്‍ ബോര്‍ഡില്‍ വേണ്ടെന്ന് പറയുന്നവരൊക്കെ വർഗീയവാദികളാണോയെന്ന് പിണറായി ചോദിച്ചു. സംഘ്പരിവാറിന്‍റെ നാവ് കടമെടുത്ത് മുഖ്യമന്ത്രി സംസാരിക്കുകയാണെന്ന് പറയേണ്ടിവരുമെന്നും ഒരു കോൺഗ്രസ് മുഖ്യമന്ത്രി ബിജെപി നിലപാട് സ്വീകരിക്കാൻ പാടുണ്ടോയെന്നും പിണറായി വാർത്താസമ്മേളനത്തിൽ ചോദിച്ചു.
'വസ്തുതാപരവും ആധികാരികവുമായിരിക്കണം മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനങ്ങൾ. കഴിഞ്ഞ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ ഒന്നിലധികം കാര്യങ്ങൾ വസ്തുതക്ക് നിരക്കാത്തതാണ്. ബോധപൂർവം തെറ്റിധരിപ്പിക്കുന്നതിന് വേണ്ടിയാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നത്. ഞാൻ വർഗീയത പറഞ്ഞുപരത്തുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. എന്തടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങളും പ്രസ്താവനകളുമെന്ന് അദ്ദേഹം വ്യക്തമാക്കണം'. പിണറായി പറഞ്ഞു.
'വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ കൈക്കൊണ്ട നിലപാട് ബിജെപിയുടേതാണ്. ബിജെപിയിതര സർക്കാരുകളിൽ ആദ്യമായി അവരുടെ നിലപാട് അംഗീകരിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ബിജെപി കൊണ്ടുവന്ന ഭേദഗതി അംഗീകരിച്ച ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കുകയാണ് സർക്കാർ ചെയ്തത്. ഇത് വ്യക്തമായ സംഘ്പരിവാർ സേവയല്ലാതെ മറ്റൊന്നുമല്ല'. പിണറായി കുറ്റപ്പെടുത്തി.
വഖഫ് നിയമങ്ങൾ പലതവണ പരിഷ്കരിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അക്കാലങ്ങളിലൊന്നും മുസ്‌ലിം ഇതരം വിഭാഗങ്ങളെ അംഗങ്ങളാക്കിയിട്ടില്ലെന്നും പിണറായി പറഞ്ഞു. 'നൂറ്റാണ്ടുകളായി തുടരുന്ന സമ്പ്രദായമാണ് ബിജെപി മാറ്റാൻ ശ്രമിച്ചത്. അതിന്‍റെ പിന്നിലുള്ള താൽപര്യം എല്ലാവർക്കും വ്യക്തവുമാണ്. അതിനോട് വിയോജിക്കുകയെന്നത് വർഗീയവാദിയാക്കുന്നതിനുള്ള മാനദണ്ഡമാണോ? മറിച്ച് അതിനോട് യോജിച്ചുപോകലാണ് സംഘ്പരിവാറിന് മുന്നിലുള്ള നഗ്നമായ കീഴടങ്ങൽ'. പിണറായി വ്യക്തമാക്കി.
'സംഘ്പരിവാർ നാവ് കടമെടുത്ത് മുഖ്യമന്ത്രി സംസാരിക്കുകയാണെന്ന് പറയേണ്ടിവരും. ഭേദഗതി ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രിംകോടതിയിൽ പോയിരുന്നു. ലീഗ് പ്രതിനിധി വകുപ്പ് മന്ത്രിയായപ്പോൾ ഭേദഗതി നടപ്പിലാക്കുമെന്ന് നിലപാട് സ്വീകരിക്കുകയാണ്. നിയമപോരാട്ടം ഇതേവരെയും അവസാനിച്ചിട്ടില്ല. ഈ നയംമാറ്റം സംഘ്പരിവാറിന് അനുകൂലമായ വ്യക്തമായ ചുവടുമാറ്റമാണെന്നതിൽ തർക്കമില്ല' .പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
മാസപ്പടി കേസിൽ ശശിധരൻ കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയാണെന്നും മാധ്യമങ്ങളിൽ വന്നതുകൊണ്ട് ശരിയാകണമെന്നില്ലെന്നും പിണറായി പ്രതികരിച്ചു. 'മാധ്യമങ്ങളിലല്ലേ ശ്രീമതി ടീച്ചറുടെ വാർത്ത വന്നത്. മാധ്യമങ്ങളിൽ വന്നു എന്നതുകൊണ്ട് ശരിയാകുമോ. രേഖയുണ്ടെങ്കിൽ കാണിക്കട്ട. എല്ലാം മാധ്യമസൃഷ്ടി. എത്രകാലമായി അവർ ഇങ്ങനെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അവകൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ. ശ്രമങ്ങൾ തുടരൂ'. അദ്ദേഹം കൂട്ടിച്ചേർത്തു.
%20(1).jpg)
0 Comments