തിരുവനന്തപുരം: സിപിഎമ്മിന്റെ നിയന്ത്രണത്തിലില്ലാത്ത സഹകരണ സംഘങ്ങൾ പിടിച്ചെടുക്കാൻ പാർട്ടി തലത്തിൽ നീക്കം. ജൂൺ 26ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഒപ്പിട്ട് ജില്ലാ കമ്മിറ്റികൾക്ക് അയച്ച കത്തിലാണ് ഇത് സംബന്ധിച്ച കർശന നിർദേശം നൽകിയിരിക്കുന്നത്. പാർട്ടിയുടെ അടിസ്ഥാന അടിത്തറയായ സഹകരണ മേഖലയിലെ ആധിപത്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കത്ത് ലഭിച്ചതിന് പിന്നാലെ സഹകരണ സംഘങ്ങളുടെ സബ് കമ്മിറ്റി യോഗങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
കേരള ബാങ്കിന് കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പുറമേയുള്ള മറ്റ് സഹകരണ സംഘങ്ങൾക്ക് നിലവിൽ 'സി' ക്ലാസ് മെമ്പർഷിപ്പാണുള്ളത്. ഈ സി-ക്ലാസ് മെമ്പർഷിപ്പുള്ള സംഘങ്ങൾക്ക് നിലവിൽ വോട്ടവകാശമില്ല. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നിയമഭേദഗതിയിലൂടെ സി-ക്ലാസ് സംഘങ്ങൾക്കും വോട്ടവകാശം നൽകാനുള്ള തീരുമാനമെടുത്തേക്കാമെന്ന് പാർട്ടി വിലയിരുത്തുന്നു. ഇത് മുന്നിൽക്കണ്ടാണ് പാർട്ടിയുടെ കയ്യിലില്ലാത്ത സി-ക്ലാസ് സഹകരണ സംഘങ്ങളുടെ ഭരണം എങ്ങനെയെങ്കിലും പിടിച്ചെടുക്കാൻ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
സഹകരണ പ്രസ്ഥാനങ്ങളിലെ സിപിഎമ്മിന്റെ അപ്രമാദിത്വം നിലനിർത്തുക എന്നതാണ് കത്തുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഭരണസമിതി പിടിച്ചെടുക്കാനുള്ള നിർദേശത്തിനൊപ്പം 424 സി-ക്ലാസ് സഹകരണ സംഘങ്ങളുടെ പേരുവിവരങ്ങളടങ്ങിയ പ്രത്യേക പട്ടികയും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും എത്ര സംഘങ്ങൾ വീതമുണ്ടെന്നതിന്റെ കൃത്യമായ കണക്കുകൾ ഇതിലുണ്ട്. സിപിഎം ഭരിക്കുന്ന ഇടങ്ങളിൽ തുടർന്നും ഭരണം നിലനിർത്താൻ വേണ്ടിയുള്ള ക്രമീകരണങ്ങൾ നടത്താനും, അല്ലാത്തയിടങ്ങളിൽ ഭരണം പിടിച്ചെടുക്കാൻ ആവശ്യമായ അടിയന്തര ഇടപെടലുകൾ നടത്താനും സംസ്ഥാന സെക്രട്ടറി അയച്ച കത്തിൽ വ്യക്തമാക്കുന്നു.
%20(1).jpg)
0 Comments