കരഞ്ഞ കുഞ്ഞുങ്ങളെ വാഷിങ് മെഷീനിലിരുത്തി, ബാത്ത്റൂമിൽ പൂട്ടിയിട്ടു; ബെംഗളൂരുവിലെ ഡേകെയറിൽ ക്രൂരപീഡനമെന്ന് പരാതി

 




ബെം​ഗളൂരു: ജോലിക്കിടെ മക്കളെ സുരക്ഷിതരായി ഏൽപ്പിച്ച മാതാപിതാക്കളെ ഞെട്ടിച്ച് ബെംഗളൂരുവിലെ ഡേകെയർ സെന്ററിൽ കുഞ്ഞുങ്ങൾക്ക് നേരെ ക്രൂരപീഡനമെന്ന ആരോപണം. കരയുന്ന രണ്ടും മൂന്നും വയസുള്ള കുട്ടികളെ വാഷിങ് മെഷീനിൽ ഇരുത്തുകയും ബാത്ത്റൂമിൽ പൂട്ടിയിടുകയും ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം തളിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവിലെ ഐടി കമ്പനിയായ ക്യാപ്ജെമിനിയുടെ എച്ച്എഎൽ ക്യാമ്പസിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഡേകെയർ സെന്ററിലാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിലാണ് കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറുന്നതായി ആരോപണമുയർന്നത്. കരയുന്ന കുട്ടികളെ ഭയപ്പെടുത്താനും നിശ്ശബ്ദരാക്കാനുമായി ഫ്രണ്ട്- ലോഡ് വാഷിങ് മെഷീനിന്റെ ഡ്രമ്മിൽ ഇരുത്തുകയും ബാത്ത്റൂമിൽ പൂട്ടിയിടുകയും ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം തളിക്കുകയുമാണ് ചെയ്തതെന്നാണ് പരാതി.

സംഭവം പുറത്തുവന്നതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും വിഷയത്തിൽ പരാതി ലഭിച്ചിട്ടുണ്ട്. അഞ്ച് വനിതാ ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു

സംഭവത്തെ തുടർന്ന് ഡേകെയർ താൽക്കാലികമായി അടച്ചതായി ക്യാപ്ജെമിനി അറിയിച്ചു. ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയാണ് കമ്പനിയുടെ പ്രധാന പരിഗണനയെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുകയാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

Post a Comment

0 Comments