നിതിൻ രാജിന്റെ മരണം: ഡോ. എം.കെ. റാമിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; കസ്റ്റഡി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

 



കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ മുൻ വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 27-ന് പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. അന്നേദിവസം തന്നെ പ്രതിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിക്കും.

പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി ജീവൻ ജോർജിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രൻ മേൽനോട്ടം വഹിക്കുന്നു. ഡോ. റാമിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് പുറമെ, കണ്ണൂർ ഡെന്റൽ കോളേജിലും സംഭവസ്ഥലങ്ങളിലും തെളിവെടുപ്പ് നടത്താനും അന്വേഷണസംഘം പദ്ധതിയിടുന്നുണ്ട്. നിതിൻ രാജിന്റെ മാതാപിതാക്കളുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.

Post a Comment

0 Comments