പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻ മണിക്കെതിരെ കേസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ജാൻ മണി ദാസിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹിള മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ജാൻ മണി ദാസ് നടത്തിയ പരാമർശമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കും കേസിനും വഴിവെച്ചത്. 'മോദിയെ ഹിറ്റ്ലർ എന്ന് വിളിക്കാൻ പോലും കഴിയില്ല, ആണുങ്ങളല്ലേ ഹിറ്റ്ലർ ആകൂ, മോദി വേറെന്തോ ആണ്' എന്ന തരത്തിലായിരുന്നു ഇവരുടെ പ്രതികരണം. ഈ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ കോണുകളിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മഹിള മോർച്ച നിയമനടപടിയിലേക്ക് കടന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് മഹിള മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ കോഴിക്കോട് സൈബർ പൊലീസ് ജാൻ മണി ദാസിനെതിരെ കേസെടുക്കുകയായിരുന്നു. സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന തരത്തിലുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments