ആലപ്പുഴ: ഇത്തവണത്തെ നെഹ്‌റു ട്രോഫി ജലമേളയുടെ പന്തൽ നിർമ്മാണവും മറ്റ് അടിസ്ഥാന സൗകര്യ വികസനവും വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഓസ്‌കാർ ഇവന്റ്സിൻ നൽകാൻ നീക്കം. മുൻപ് കലൂർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടിക്കിടെ സ്റ്റേജ് തകർന്ന് ഉമാ തോമസ് എം.എൽ.എയ്ക്ക് അപകടമുണ്ടായ സംഭവം സംഘടിപ്പിച്ചത് ഈ കമ്പനിയായിരുന്നു. കലൂർ സ്റ്റേഡിയത്തിൽ നടന്ന സിനിമാ താരത്തിന്റെ നൃത്തപരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ ജില്ലാ കളക്ടർക്ക് മുന്നിൽ പ്രദർശിപ്പിച്ചാണ് കമ്പനി നെഹ്‌റു ട്രോഫി കരാറിലേക്ക് കടന്നുവന്നത്.
സജ്ജീകരണങ്ങളിൽ തൃപ്തരായ അധികൃതർ കരാർ ഓസ്‌കാറിന് നൽകാൻ ഏകദേശ ധാരണയിലെത്തിയിരുന്നു. എൻ.ടി.ബി.ആർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഈ നീക്കത്തിനെതിരെ വലിയ എതിർപ്പാണ് ഉയർന്നിട്ടുള്ളത്. പ്രമുഖ ജനപ്രതിനിധിക്ക് പരിക്കേറ്റ അപകടത്തിന് ഉത്തരവാദികളായ കമ്പനിക്ക് തന്നെ പുന്നമടയിലെ വൻ ജനത്തിരക്ക് കൈകാര്യം ചെയ്യേണ്ട ജലമേളയുടെ ചുമതല നൽകുന്നതിൽ പ്രതിഷേധം ശക്തമാണ്. വിവാദ കമ്പനിക്ക് കരാർ ഉറപ്പാക്കാൻ വേണ്ടി ടെൻഡർ സമർപ്പിക്കേണ്ട തീയതി മുൻകൂട്ടി അറിയിപ്പില്ലാതെ നീട്ടി നൽകിയെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. ഇറിഗേഷൻ വകുപ്പിന് കീഴിൽ വരുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കൈമാറാനുള്ള നീക്കത്തോടെ ജില്ലാ കളക്ടറും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും ആരോപണ നിഴലിലായിരിക്കുകയാണ്.
%20(1).jpg)
0 Comments