തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ അടിമുടി പരിഷ്കരണത്തിനും തിരുത്തൽ നടപടികൾക്കുമൊരുങ്ങി സിപിഎം. വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിലും നേതൃതലത്തിലും മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന. തോൽവിക്ക് പിന്നാലെ പാർട്ടിയിൽ അടിയന്തരമായി പരിഷ്കരണങ്ങൾ നടപ്പാക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി നേരത്തെ നിർദേശം നൽകിയിരുന്നു.
സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട് വെച്ചാണ് വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പുറമേ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ്ഗ-ബഹുജന സംഘടനാ ഭാരവാഹികൾ തുടങ്ങിയവരും ഈ യോഗത്തിൽ പങ്കെടുക്കും. മുതിർന്ന നേതാക്കൾക്കെതിരെയുള്ള വിമർശനങ്ങളടങ്ങിയ കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ പാർട്ടി സെന്‍റർ കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിക്കാനും പാർട്ടി നിലപാടുകൾ വ്യക്തമായി വിശദീകരിക്കാനും കഴിയുന്ന നേതാക്കളെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവരാനാണ് ആലോചന. ഇത് കൂടാതെ, എൽഡിഎഫ് കൺവീനർ സ്ഥാനത്തും മാറ്റമുണ്ടായേക്കും. സർക്കാരുമായും പ്രതിപക്ഷവുമായും കൂടുതൽ ശക്തമായി ഇടപെടാൻ കഴിയുന്ന പി.രാജീവിനെപ്പോലുള്ള നേതാക്കളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ കുറിച്ച് പാർട്ടിയിൽ ചർച്ച നടക്കുന്നുണ്ട്.
സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളിലും പുനരാലോചന വേണമെന്ന വികാരം പാർട്ടിക്കുള്ളിൽ ഉയർന്നുവന്നിട്ടുണ്ട്.
0 Comments