'പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചാരണം യുഡിഎഫ് ആയുധമാക്കി, നേതാക്കൾക്ക് അഹങ്കാരവും അഴിമതിയും'; സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്




 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം പാർട്ടിക്കും സർക്കാരിനും ഇടയിലെ ഏകോപനമില്ലായ്മയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. സർക്കാരിന് മേൽ പാർട്ടിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അനാവശ്യ വിവാദങ്ങളിലേക്ക് നയിച്ചതെന്നും ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മുൻകാലങ്ങളിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പാർട്ടി സബ് കമ്മിറ്റികൾ സജീവമായിരുന്നു. എന്നാൽ നിലവിൽ അത്തരം സംവിധാനങ്ങൾ ഇല്ലാത്തത് നയപരമായ കാര്യങ്ങളെ ചോദ്യം ചെയ്യാൻ ഘടകക്ഷികൾക്ക് വരെ അവസരമൊരുക്കിയെന്ന് 2026 ജൂലൈയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് വിമർശിക്കുന്നു. പാർട്ടിയുടെ കൃത്യമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ സർക്കാരുമായി ബന്ധപ്പെട്ട പല അനാവശ്യ വിവാദങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

പൊതുവേദികളിലും വാർത്താസമ്മേളനങ്ങളിലും പാർട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് കടുത്ത ജാഗ്രതക്കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ആഗോള അയ്യപ്പ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം ഒരു മന്ത്രി വായിച്ചത് വലിയ വീഴ്ചയാണെന്ന് പാർട്ടി വിലയിരുത്തി. ഹൈന്ദവ വർഗീയ ശക്തികളോട് പാർട്ടി മൃദുസമീപനം സ്വീകരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാൻ ഇത് കാരണമായി. അതുപോലെ, വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ പാർട്ടി ഉചിതമായ രീതിയിൽ തള്ളിപ്പറഞ്ഞില്ല എന്നതും അതൃപ്തി ഉണ്ടാക്കി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുന്നണിയിലെ എല്ലാ ഘടകക്ഷികളെയും വിശ്വാസത്തിലെടുക്കാൻ കഴിയാതിരുന്നതും വലിയ വീഴ്ചയായി കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ച് നടത്തിയതാണ് യുഡിഎഫ് പ്രധാന ആയുധമാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം കൂടുതൽ ശക്തമാകാൻ കാരണമായി. പൊലീസിനും ഉദ്യോഗസ്ഥർക്കും ഇടയിലുണ്ടായ ഏകാധിപത്യ സ്വഭാവവും ജനങ്ങളെ പാർട്ടിയിൽ നിന്നും സർക്കാരിൽ നിന്നും അകറ്റി.

പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളെയും അണികളെയും അഹങ്കാരവും അഴിമതിയും ബാധിച്ചുവെന്ന ഗുരുതരമായ കണ്ടെത്തലും അവലോകന റിപ്പോർട്ടിലുണ്ട്. സ്വജനപക്ഷപാതവും ആഡംബര ജീവിതവും പാർട്ടിയുടെ അടിത്തറ ഇളക്കുന്നതിന് കാരണമായെന്നും ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത് ഇടയാക്കിയെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

Post a Comment

0 Comments