കേളകം, കണിച്ചാര്‍ പഞ്ചായത്തുകളിലെ ദുരന്തസാധ്യത മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ് സംഘം സന്ദര്‍ശനം നടത്തി


കേളകം, കണിച്ചാര്‍ പഞ്ചായത്തുകളിലെ ദുരന്തസാധ്യത മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ് സംഘം സന്ദര്‍ശനം നടത്തി. മഴക്കാലത്തോട് അനുബന്ധിച്ച് ദുരന്ത സാധ്യത നിലനിൽക്കുന്ന കേളകം കണിച്ചാർ പഞ്ചായത്തിലെ വിവധ പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.തമിഴ്‌നാട് അരക്കോണത്ത് നിന്നുള്ള എന്‍.ഡി.ആര്‍.എഫ് നാലാം ബറ്റാലിയനിലെ അഞ്ചംഗ സംഘമാണ് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി പരിശോധനയ്ക്കായെത്തിയത്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളും മുൻ വർഷങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു സന്ദർശനം കണിച്ചാർ പഞ്ചായത്തിലെ ദുരന്തസാധ്യത പ്രദേശങ്ങളായ പൂളക്കുറ്റി, മാടശ്ശേരിമല, സെമിനാരിവില്ല എന്നിവിടങ്ങളിലായിരുന്നു സംഘം ആദ്യം എത്തിയത്. ഈ പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ സംഘം നേരിട്ടു കണ്ട് മനസ്സിലാക്കി. തുർന്നാണ് കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസം പടിയിൽ സംഘം എത്തിയത്. പ്രദേശത്തെ ഭൂമി വിണ്ടു കീറുന്ന പ്രതിഭാസം കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക ശ്രദ്ധയോടെയാണ് സംഘം ഇവിടെ സന്ദർശിച്ചത്. കൈലാസംപടിയിലെത്തിയ എന്‍.ഡി.ആര്‍.എഫ് സംഘത്തെ കേളകം പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അബ്ദുൾ സലാം സ്വീകരിച്ചു. ഭൂമിയിൽ വിള്ളലുണ്ടായ പ്രദേശങ്ങൾ അബ്ദുൾ സലാമും പഞ്ചായത്തംഗം ജോർജുകുട്ടിയും ചേർന്ന് സംഘത്തിനു കാണിച്ചുകൊടുക്കുകയും നിലവിലെ ആശങ്കകൾ വിശദീകരിക്കുയും ചെയ്തു. എസ് ഐ പ്രദീപ് ഭട്ടിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിൽ എം പ്രഷോഭ്, മഞ്ജുനാഥ്‌, സി കെ എൻ ദിനേശ്, ഉദയപ്രകാശ് എന്നിവരാണ് അംഗങ്ങളായി ഉണ്ടായിരുന്നത്. കാണിച്ചർ പഞ്ചായത്ത് റെസിലിംഗ് ഓഫീസർ നിധിനും സംഘത്തോടൊപ്പം പരിശോധനകളിൽ പങ്കാളികളായി. അടിയന്തിര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട രക്ഷാപ്രവർത്തനങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ഈ സന്ദർശനം സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments