തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴികളുടെ വില്‍പന നിര്‍ത്തുന്നു; വ്യാപാരികള്‍ സമരത്തിലേക്ക്



ചെന്നൈ തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴികളുടെ വില്‍പന നിര്‍ത്തുന്നു. ജൂലൈ 31 മുതല്‍ വില്‍പന നിര്‍ത്തുമെന്നാണ് തമിഴ്‌നാട് ചിക്കന്‍ ട്രേഡേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചത്. ഫെഡറേഷന്‍ പ്രസിഡന്റ് ബി ദുരൈരാജാണ് തീരുമാനം അറിയിച്ചത്. കോഴികളെ ഫാമുകളില്‍ നിന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.

കോഴികളെ വില്‍ക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് തീറ്റ നല്‍കുന്നത് നിര്‍ത്തണമെന്ന ചട്ടം ഉല്‍പാദകര്‍ പാലിക്കുന്നില്ല. ഇതുമൂലം കടകളില്‍ എത്തുമ്പോള്‍ കോഴികളുടെ വയറ്റില്‍ 100 മുതല്‍ 200 ഗ്രാം വരെ ദഹിക്കാത്ത തീറ്റയും വെള്ളവും ഉണ്ടാകും. ഇത് ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.

വില്‍പനയ്ക്കായി കോഴിയെ അറക്കുമ്പോള്‍ ദഹിക്കാത്ത തീറ്റ കാരണം വൃത്തിഹീനമായ സാഹചര്യം ഉണ്ടാകുന്നുവെന്നും ഇത് ശുചിത്വ ഭീഷണി ഉയര്‍ത്തുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു.

ഇതിനൊപ്പം പൗള്‍ട്രി മേഖലയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്ന ഉയര്‍ന്ന ടാക്‌സുകളും എക്‌സൈസ് ഡ്യൂട്ടികളും പിന്‍വലിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്.

കോഴിത്തീറ്റയുടെയും ഇന്ധനത്തിന്റെയും വില വര്‍ധിച്ചതും, വിപണിയിലെ അസമത്വവും ഇറച്ചിക്കോഴി വ്യാപാരമേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതും വ്യാപാരികള്‍ സമരത്തിനിറങ്ങുന്നതിനുള്ള കാരണമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കച്ചവടക്കാരുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തമിഴ്‌നാടിനൊപ്പം പുതുച്ചേരിയിലും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments